മുൻ എം.എൽ.എ കെ.അജിത്തും റോബിനും ബി.ജെ.പിയിൽ
തിരുവനന്തപുരം : സി.പി.ഐ നേതാവും വൈക്കം മുൻ എം.എൽ.എയുമായ കെ.അജിത്തും ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനും ബി.ജെ.പിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി.
2006, 2011കാലഘട്ടത്തിൽ വൈക്കത്തു നിന്നും കെ.അജിത്ത് നിയമസഭയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സി.പി.ഐ കോട്ടയം ജില്ലാ കൗൺസിൽ അംഗവും, എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു.കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ പട്ടിക വിഭാഗങ്ങൾക്ക് അർഹമായി കിട്ടേണ്ട പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടെന്ന് അജിത്ത് പറഞ്ഞു. ഇതിനെതിരെ സംസാരിക്കാൻ ഭരണ,പ്രതിപക്ഷങ്ങൾ തയാറാവുന്നില്ല. ദേശീയ തലത്തിൽ പട്ടിക വിഭാഗങ്ങൾക്ക് ഏറ്റവുമധികം പിന്തുണ നൽകുന്നത് ബി.ജെ.പിയാണെന്നും അദേഹം പറഞ്ഞു. മോദിയുടെ വികസന പ്രവർത്തനത്തിലും യുവാക്കൾക്ക് നൽകുന്ന പ്രഥമ പരിഗണനയിലും ആകൃഷ്ടനായാണ് ബി.ജെ.പിയിൽ അംഗത്വമെടുത്തതെന്ന് തിരുവനന്തപുരം സ്വദേശിയായ റോബിൻ രാധാകൃഷ്ണൻ പറഞ്ഞു
ബി.ജെ.പി ജനറൽ സെക്രട്ടറി എസ്.സുരേഷ്, എൻ.ഡി.എ വൈസ് ചെയർമാൻ എ.എൻ.രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമൻ തുടങ്ങിയവർ സംസാരിച്ചു.