പുത്തൻ ലുക്കും കരുത്തുമായി മഹീന്ദ്ര ഥാർ റോക്‌സ് സ്റ്റാർ
കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഥാർ റോക്‌സ് ശ്രേണിയിലെ പുത്തൻ പതിപ്പായ ഥാർ റോക്‌സ് സ്റ്റാർ പുറത്തിറക്കി. ഥാറിന്റെ കരുത്തിനൊപ്പം അകത്തും പുറത്തും അത്യാധുനിക മാറ്റങ്ങളുമായാണ് പുതിയ മോഡൽ എത്തുന്നത്.
ക്യാബിന് മികച്ച ആകർഷണം നൽകുന്ന പ്രീമിയം ഡാർക്ക് ഫിനിഷിലുള്ള ഓൾബ്ലാക്ക് ലെതർ സീറ്റുകൾ, പിയാനോ ബ്ലാക്ക് ഗ്രിൽ, പിയാനോ ബ്ലാക്ക് അലോയ് വീലുകൾ എന്നിവ പ്രധാന സവിശേഷതകളാണ്. പുതുതായി അവതരിപ്പിച്ച സിട്രെൻ യെല്ലോയോടൊപ്പം ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഥാർ റോക്‌സ് സ്റ്റാർ ലഭിക്കും.
ആകർഷണങ്ങൾ
26.03 സെന്റിമീറ്റർ എച്ച്.ഡി ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, ഹർമൻ കാർഡൺ 9 സ്പീക്കർ ഓഡിയോ സിസ്റ്റം, അലക്‌സ കണക്‌ടഡ് ഫീച്ചറുകൾ എന്നിവയുണ്ട്. ആറ് എയർബാഗുകൾ, ഫൈഫ് സ്റ്റാർ ഭാരത് എൻ.സി.എ.പി റേറ്റിംഗ് സുരക്ഷാ ക്രമീകരണങ്ങൾ, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ സുരക്ഷ വർദ്ധിപ്പിക്കും. മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന ജി 20 ടി.ജി.ഡി.ഐ എംസ്റ്റാലിയൻ, ഡി 22 എംഹോക്ക് എന്നീ എൻജിനുകളും ട്രാൻസ്മിഷൻ ഓപ്ഷനുകളും ഥാർ റോക്‌സ് സ്റ്റാറിലുണ്ട്.
അധിക കരുത്ത്
പെട്രോൾ എൻജിൻ (ജി 20) 5000 ആർ.പി.എമ്മിൽ പരമാവധി 130 കിലോവാട്ട് കരുത്തും 380 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഡീസൽ എൻജിൻ (ഡി 22) 3500 ആർ.പി.എമ്മിൽ 128.6 കിലോവാട്ട് കരുത്തും 400 എൻ.എം ടോർക്കും നൽകും.
വിപുലമായ വേരിയന്റുകൾ
മൂന്ന് വേരിയന്റുകളും റിയർ വീൽ ഡ്രൈവ് ഓപ്ഷനിലാണ് വരുന്നത്. ഥാർ റോക്‌സ് സ്റ്റാർ എഡിഷന്റെ പെട്രോൾ എ.ടി വേരിയന്റിന് 17.85 ലക്ഷം രൂപയും ഡിസൽ വേരിയന്റിന് 16.85 ലക്ഷം രൂപയും എ.ടി വേരിയന്റിന് 18.35 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 2024ൽ പുറത്തിറങ്ങിയത് മുതൽ ഇന്ത്യൻ കാർ ഒഫ് ദി ഇയർ 2025 ഉൾപ്പടെ 36 അവാർഡുകൾ ഥാർ റോക്‌സ് നേടിയിട്ടുണ്ട്.
പ്രാരംഭ വില
16.85 ലക്ഷം രൂപ മുതൽ