വെള്ളാപ്പള്ളി നടേശന് ഇന്ന് കൊച്ചിയുടെ ആദരം
കൊച്ചി: രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ പദ്മഭൂഷൺ ലഭിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇന്ന് കൊച്ചിയുടെ ആദരം. 'പദ്മകാന്തി" എന്ന പേരിൽ കേരളകൗമുദി ഒരുക്കുന്ന പൗരസ്വീകരണം എറണാകുളം ടൗൺഹാളിൽ വൈകിട്ട് നാലിന് വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഗോവ മുൻ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള അദ്ധ്യക്ഷനാകും. വ്യവസായ മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും.
കൊച്ചിയിലെ രാഷ്ട്രീയ-സാംസ്‌കാരിക പ്രതിഭകൾ സംഗമിക്കുന്ന വരവേൽപ്പിൽ ആയിരങ്ങൾ പങ്കുകൊള്ളും. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് ആമുഖ പ്രഭാഷണം നടത്തും. മന്ത്രി കെ. കൃഷ്ണൻകുട്ടിയും അഡ്വ.പി.എസ്. ശ്രീധരൻ പിള്ളയും ചേർന്ന് വെള്ളാപ്പള്ളി നടേശന് ഉപഹാരം സമർപ്പിക്കും. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദനും കൺവീനർ എം.ഡി. അഭിലാഷും ചേർന്ന് ഹാരമണിയിക്കും. എസ്.എൻ.ഡി.പി യോഗത്തിന്റെ ജില്ലയിലെ ഒമ്പതു യൂണിയനുകളുടെയും ഭാരവാഹികൾ സന്നിഹിതരാകും.
ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയി, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ. ബാബു, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ടി.ജെ. വിനോദ്, ഉമ തോമസ്, സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥ്, ശ്രീനാരായണ വേൾഡ് കൗൺസിൽ വർക്കിംഗ് ചെയർമാൻ പി.എസ്. ബാബുറാം, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ എന്നിവർ പങ്കെടുക്കും.
വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗം നടത്തും. കേരളകൗമുദി കൊച്ചി - തൃശൂർ യൂണിറ്റ് ചീഫും ഡെപ്യൂട്ടി എഡിറ്ററുമായ പ്രഭു വാര്യർ സ്വാഗതവും ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ നന്ദിയും പറയും.