മൂന്നും നേടി ദക്ഷിണാഫ്രിക്ക

Monday 02 March 2026 1:08 AM IST

സൂപ്പർ എട്ടിലെ മൂന്നാം മത്സരത്തിൽ സിംബാബ്‌വേയെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ചു

ന്യൂഡൽഹി : സൂപ്പർ എട്ടിലെ മൂന്നാം മത്സരത്തിലും വിജയം നേടി ഒന്നാം ഗ്രൂപ്പിലെ ഒന്നാമന്മാരായി ദക്ഷിണാഫ്രിക്ക സെമിഫൈനലിലേക്ക് കടന്നു. ഇന്നലെ അയൽക്കാരായ സിംബാബ്‌വേയെ അഞ്ചുവിക്കറ്റിനാണ് തോൽപ്പിച്ചത്. ഇതോടെ സൂപ്പർ എട്ടിൽ മൂന്നാം തോൽവിയുമായി സിംബാബ്‌വേ മടങ്ങി.

ഡൽഹിയിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വേ നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് നേടിയത്. 43 പന്തുകളിൽ എട്ടുഫോറുകളും നാലുസിക്സുകളുമടക്കം 73 റൺസ് നേടിയ നായകൻ സിക്കന്ദർ

റാസയുടെ പോരാട്ടമാണ് സിംബാബ്‌വേയെ ഈ സ്കോറിലെത്തിച്ചത്. 26 റൺസ് നേടിയ ഏഴാമൻ ക്ളൈവ് മദാന്തേ മാത്രമാണ് സിക്കന്ദറിനെക്കൂടായെ അൽപ്പമെങ്കിലും പിടിച്ചുനിന്നത്.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 14 റൺസെടുക്കുന്നതിനിടെ ക്വിന്റൺ ഡി കോക്കിനെയും (0), ക്യാപ്ടൻ എയ്ഡൻ മാർക്രമിനെയും (4) നഷ്ടമായ ദക്ഷിണാഫ്രിക്കയെ റയാൻ റിക്കിൾട്ടൺ (31), ഡെവാൾഡ് ബ്രെവിസ് (42),ഡേവിഡ് മില്ലർ (22),ട്രിസ്റ്റൺ സ്റ്റബ്സ് (21 നോട്ടൗട്ട്), ജോർജ് ലിൻഡെ (30 നോട്ടൗട്ട്)എന്നിവർ ചേർന്ന് വിജയം നൽകുകയായിരുന്നു. സിക്കന്ദർ റാസയാണ് പ്ളേയർ ഒഫ് ദ മാച്ചായത്.