അംഗീകാരമില്ലാത്ത റോളർ സ്കേറ്റിംഗ് മത്സരങ്ങളിൽ പങ്കെടുക്കരുത്
കൊല്ലം: ജില്ലയിൽ സ്കൂളുകളിൽ നടത്തുന്ന അംഗീകാരമില്ലാത്ത റോളർ സ്കേറ്റിംഗ് മത്സരങ്ങളിൽ സ്കേറ്റിംഗ് താരങ്ങൾ പങ്കെടുക്കരുതെന്ന് ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ അറിയിച്ചു. അസോസിയേഷൻ അംഗീകൃത പരിശീലകരും മത്സര ഒഫിഷ്യൽസാണെന്നും തെറ്റിദ്ധരിപ്പിച്ച് അമിത പണപ്പിരിവ് നടത്തി മത്സരനിയമംപോലും അറിയാത്ത വ്യക്തികളാണ് ചാമ്പ്യൻ ഷിപ്പുകൾ നടത്തുന്നത്. അനുമതിയില്ലാതെ സ്കേറ്റിംഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നവർക്കെതിരെയും പങ്കെടുക്കുന്ന റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ രജിസ്റ്റേർഡ് സ്കേറ്റർമാർക്കെതിരേയും അസോസിയേഷൻ കർശന നടപടികൾ സ്വീകരിക്കും. വിദ്യാർത്ഥികളെയും രക്ഷാകർത്താക്കളെയും ചൂഷണം ചെയ്യുന്ന ഇത്തരം അനധികൃത മത്സരങ്ങളിൽനിന്ന് ബന്ധപ്പെട്ട സ്കൂൾ അധികാരികളും രക്ഷാകർത്താക്കളും പിന്മാറണമെന്നും സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി വ്യക്തികൾ ചേർന്ന് നടത്തുന്ന റോളർ സ്കേറ്റിംഗ് മത്സരത്തിന് ജില്ലാ റോളർസ്കേറ്റിംഗ് അസോസിയേഷനുമായി ബന്ധമില്ലെന്നും കെ.ഡി.ആർ.എസ്.എ ഭാരവാഹികൾ അറിയിച്ചു.