ഈഴവ ഭൂരിപക്ഷമുള്ള ഇടങ്ങളിലെ സ്ഥാനാർത്ഥികൾ ന്യൂനപക്ഷം: വെള്ളാപ്പള്ളി
തൃശൂർ: ഈഴവർക്ക് ഭൂരിപക്ഷമുള്ള ഇടങ്ങളിൽ പോലും ന്യൂനപക്ഷങ്ങളെ സ്ഥാനാർത്ഥികളാക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പിന്നിട്ടതിന്റെയും രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചതിന്റെയും ഭാഗമായി എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ പുത്തൂർ പുഴയോരം കൺവെൻഷൻ സെന്ററിൽ നൽകിയ സ്വീകരണത്തിൽ നന്ദി പറയുകയായിരുന്നു അദ്ദേഹം. മണി - മസിൽ പവറുകളുടെ ബലത്തിൽ എന്തും നടത്താമെന്ന ചിന്തയാണ് ന്യൂനപക്ഷങ്ങൾക്ക്.
ഈഴവൻ ജാതി പറയരുത്, മറ്റുള്ളവർക്ക് പറയാം. ഈഴവർ ഉയർന്ന് വന്നാൽ ജാതി പറഞ്ഞ് വ്യക്തിഹത്യ നടത്താൻ സംഘടിതശ്രമമുണ്ട്. മുൻ മുഖ്യമന്ത്രി ആർ. ശങ്കർ, വി.എസ്. അച്യുതാനന്ദൻ, കെ.ആർ.ഗൗരിയമ്മ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരെല്ലാം ഇതിന്റെ ഇരകളാണ്. രാഷ്ട്രീയം മറന്ന് അച്ചടക്കത്തോടെ വളരാൻ ഈഴവർക്ക് സാധിക്കണം. സമുദായനീതി എല്ലാവർക്കും ലഭിക്കണം. ന്യൂനപക്ഷങ്ങളുടെ സംഘടിത ശേഷിക്ക് മുൻപിൽ ഭൂരിപക്ഷം ഞെരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവോത്ഥാനത്തെ അടയാളപ്പെടുത്തിയത് ഗുരുവാണെന്ന് യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്ത മന്ത്രി കെ. രാജൻ പറഞ്ഞു. സാമൂഹ്യജീവിതത്തിന്റെ ജിഹ്വയാണ് വെള്ളാപ്പിള്ളി നടേശനെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യൂണിയൻ പ്രസിഡന്റ് ഇ.കെ. സുധാകരൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത്, സുന്ദരൻ കുന്നത്തുള്ളി, അഡ്വ. കെ.കെ. അനീഷ് കുമാർ, വനിതാസംഘം പ്രസിഡന്റ് ബീന എന്നിവർ സംസാരിച്ചു.