ഉപജീവനത്തിന് മാസം 17.2 കോടി: മുഖ്യമന്ത്രി

Monday 02 March 2026 1:37 AM IST

കൽപ്പറ്റ: വയനാട് ഉരുൾ ദുരന്തബാധിതർക്ക് ഉപജീവനത്തിനായി ഓരോ മാസവും സാമ്പത്തിക സഹായം നൽകുന്നതിന് 17.2 കോടിയാണ് സർക്കാർ ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാശ്വാസ ധനസഹായമായി 13 കോടിയും അടിയന്തര ധനസഹായമായി 1.3 കോടിയും വിതരണം ചെയ്തു.

ദുരന്തത്തിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട 21 കുട്ടികൾക്ക് സഹായം നൽകുന്നതിന് 2 കോടിയാണ് ചെലവിട്ടത്. 858 കുടുംബങ്ങൾക്ക് പ്രതിമാസം 1,000 രൂപയുടെ ഭക്ഷ്യക്കൂപ്പണും നൽകിവരുന്നതായും ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് പദ്ധതിയുടെ ഒന്നാംഘട്ട പൂർത്തീകരണ പ്രഖ്യാപനം നടത്തവേ മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ നിധിയിലേക്ക് സമൂഹത്തിന്റെ നാനാതുറകളിലുള്ള സംഘടനകളും വ്യക്തികളും സഹായഹസ്തം നീട്ടി. കർണാടക, ആന്ധ്രാസർക്കാരുകൾ 10 കോടി വീതവും തമിഴ്നാട്, രാജസ്ഥാൻ സർക്കാരുകൾ 5 കോടി വീതവും നൽകി. വീടുകളോടൊപ്പം പൊതുസൗകര്യങ്ങളായ കമ്മ്യൂണിറ്റി ഹാൾ, ഡിസാസ്റ്റർ ഷെൽറ്റർ, ഫുട്‌ബോൾ ഗ്രൗണ്ട്, ഡിസാസ്റ്റർ മെമ്മോറിയൽ, കടമുറികൾ, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി, തടയണയും ജലാശയവും, പത്ത് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ, ഭൂഗർഭ വൈദ്യുത വിതരണ ശൃംഖല, ഡ്രെയിനേജ് സംവിധാനം, 9.5 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള വാട്ടർടാങ്ക്, ഒരോ വീട്ടിലും 2 കെ.വി ശേഷിയുള്ള സോളാർപ്ലാന്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

അഞ്ച് സോണുകളായി വിഭാവനം ചെയ്തിരിക്കുന്ന ടൗൺഷിപ്പിൽ എട്ട് മുതൽ ഇരുപത് വരെ വീടുകൾ ഉൾക്കൊള്ളുന്ന 35 ക്ലസ്റ്ററുകളായിട്ടാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. ഓരോ ക്ലസ്റ്ററിലും വിശാലമായ ഗ്രീൻ സ്‌പേസ് നടുമുറ്റവും അതിനുചുറ്റും അഞ്ചര മീറ്റർ വീതിയുള്ള റോഡുമുണ്ട്.

മികച്ച രീതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെയും നിർമ്മാണ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. കെ.എസ്.എഫ്.ഇയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കൽപ്പറ്റ ജനറൽ ആശുപത്രിയുടെ അനക്സ് കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തനവും ഉദ്ഘാടനം ചെയ്തു.

മന്ത്രിമാരായ ഒ.ആർ.കേളു, എ.കെ.ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, എം.എൽ.എമാരായ ടി.സിദ്ദിഖ്, ടി.പി.രാമകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ചീഫ് സെക്രട്ടറി എ.ജയതിലക്, റവന്യൂ ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാകളക്ടർ ഡി.ആർ.മേഘശ്രീ, ടൗൺഷിപ്പ് പ്രോജക്ട് സ്‌പെഷ്യൽ ഓഫീസർ എസ്.സുഹാസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ.ജെ.ഒ.അരുൺ, കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ പി.വിശ്വനാഥൻ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഹനീഫ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ഷിഹാബ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, അംഗങ്ങളായ കെ.കെ.സഹദ്, ഷൈജ ബേബി, കൽപ്പറ്റ നഗരസഭ കൗൺസിലർ ഷെമീർ ഒടുവിൽ തുടങ്ങിയവർ പങ്കെടുത്തു.

പ്രകൃതി ദുരന്തങ്ങളെ

അതിജീവിക്കുന്ന വീടുകൾ

പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന രീതിയിലാണ് വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ പണിതിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ നിലകൾ നിർമ്മിക്കാൻ ഉതകുന്ന രീതിയിലാണ് വീടുകളുടെ നിർമാണം. മികച്ച നിർമ്മാണ സാമഗ്രികളാണ് ഉപയോഗിച്ചിട്ടുള്ളത്. അവ ലാബിൽ പരിശോധിച്ച് ഗുണമേൻമ ഉറപ്പുവരുത്തി. അമ്പത്തെട്ടുതരം പരിശോധനകൾ പൂർത്തിയാക്കിയാണ് ഓരോ വീടിന്റെയും നിർമ്മാണം പൂർത്തിയാക്കിയത്.