ആനന്ദ പൊങ്കാല നാളെ, എല്ലാ വഴികളും ആറ്റുകാലിലേക്ക് പൊങ്കാലത്തുടക്കം 9.45ന്

Monday 02 March 2026 1:44 AM IST

നിവേദ്യം ഉച്ചയ്ക്ക് 2.15ന്

തിരുവനന്തപുരം: സ്ത്രീലക്ഷങ്ങൾ വ്രതം നോറ്റ് കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാല നാളെ. രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തിനുശേഷം ചടങ്ങുകൾ ആരംഭിക്കും. പാട്ടുപ്പുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം പാടും. ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം.

പാട്ടു തീരുമ്പോൾ തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി അനീഷ് നമ്പൂതിരിക്ക് നൽകും. 9.45ന് മേൽശാന്തി തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ അഗ്നി പകർന്നശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറും. തുടർന്ന് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലും തീ കത്തിക്കും. പിന്നാലെ, ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാല അടുപ്പുകളിൽ തീ പകരും.

ഉച്ചപൂജയ്ക്കു ശേഷം ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. 350ഓളം പൂജാരിമാരെ പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്. രാത്രി 8.30ന് കുത്തിയോട്ടത്തിന് ചൂരൽ കുത്തും. 10.45ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത് തുടങ്ങും. പാറന്നൂർ എന്ന കൊമ്പനാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ട ബാലന്മാർ അനുഗമിക്കും. സായുധ പൊലീസിന്റെ അകമ്പടിയും വാദ്യമേളങ്ങളുമുണ്ടാകും. ഇന്നലെ രാവിലെ മുതൽ നാടിന്റെ നാനാദിക്കിൽ നിന്നും ഭക്തർ ആറ്റുകാലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ദർശനത്തിന്

നിയന്ത്രണം

പൊങ്കാല ദിവസം ചന്ദ്രഗ്രഹണമായതിനാൽ 2.30 മുതൽ ദർശനത്തിന് നിയന്ത്രണം ഉണ്ടാകും. 1.30നു മുമ്പ് താലപ്പൊലി നേർച്ച പൂർത്തിയാക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

വൈകിട്ട് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്രനട അടച്ചിടും.