2 മലയാളികൾ ഉൾപ്പെടെ  8 ഇന്ത്യക്കാർ  കറാച്ചി വിമാനത്താവളത്തിൽ

Monday 02 March 2026 2:43 AM IST

രണ്ട് മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി

തിരുവനന്തപുരം: പ്രവാസി കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി സജ്ജീകരിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഹെൽപ്‌ ഡെസ്‌ക് നമ്പറുകളിൽ ഇന്നലെ വൈകുന്നേരം ആറു മണി വരെ ആകെ 541 കോളുകൾ ലഭിച്ചു.അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക്‌ പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിലെ രണ്ട് മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി. സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു. മലയാളി യാത്രക്കാർ കുവൈറ്റിൽ നിന്നുളള ലോകകേരള സഭാംഗം വഴി നോർക്ക റൂട്ട്സുമായും ,കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായുപം ബന്ധപ്പെടുകയും ഇവരെ ഇന്ത്യയിലെത്തിക്കാനുളള നടപടികൾ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കുന്നതിന്റെ സാധ്യത വിദേശകാര്യമന്ത്രാലയം പരിശോധിക്കുന്നു.

അടിയന്തരമായി മരുന്നുൾപ്പെടെ ആവശ്യപ്പെട്ട് ബഹ്റൈനിൽ നിന്നും പ്രവാസികൾ നോർക്ക റൂട്ട്സിൽ ബന്ധപ്പെട്ടിരുന്നു. ഇവർക്ക്‌ വേണ്ട സഹായം ലഭ്യമാക്കി. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പോയവർക്ക് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനായിട്ടുളള സഹായങ്ങളും നൽകി. ബഹ്റൈനിൽ ഗവൺമെന്റ് ഷെൽട്ടറുകൾ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ വിവരങ്ങൾ പ്രവാസികളിലേക്ക് എത്തിക്കുന്നതിന് നടപടി സ്വീകരിച്ചു. പ്രത്യേക ഹെൽപ്പ് ഗ്രൂപ്പും രൂപീകരിച്ചു. മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പറ്റാതെ യു.എ.ഇ യിൽ കുടുങ്ങിയ പ്രവാസികൾക്ക് അടിയന്തരമായ സഹായങ്ങളും ലഭ്യമാക്കി.