കൈറ്റ് ഹരിതവിദ്യാലയം 4.0 ഗ്രാൻഡ് ഫിനാലെ; ജില്ലയ്ക്ക് നേട്ടം
മലപ്പുറം: പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവയ്ക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച രാജ്യത്തെ ഏക വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ 'കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെയിൽ ജില്ലക്ക് മികച്ച നേട്ടം. പ്രൈമറി വിഭാഗത്തിൽ നിന്നും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയത് മലപ്പുറം ജില്ലയിൽ നിന്നുള്ള പരിയാപുരം സെൻട്രൽ എ.യു.പി സ്‌കൂളാണ്. ശില്പവും 2.94 ലക്ഷം രൂപയുടെ ഐ.സി.ടി ഉപകരണങ്ങളാണ് സമ്മാനമായി ലഭിച്ചത്. സ്‌പെഷ്യൽ ജൂറി അവാർഡ് ലഭിച്ച കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിന് 2.10 ലക്ഷം രൂപയുടെ ഐ.സി.ടി ഉപകരണങ്ങൾ ലഭിച്ചു. സ്‌പെഷ്യൽ അവാർഡ് നേടിയ മലപ്പുറം ജില്ലയിലെ നിലമ്പൂർ ബഡ്സ് സ്‌കൂൾ ഫോൾ ഹിയറിംഗ് ഇംപയേഡിന് ശില്പവും 50,000 രൂപ ക്യാഷ് അവാർഡുമാണ് സമ്മാനം. ഫൈനൽ ലിസ്റ്റിൽ വന്ന ജി.യു.പി.എസ് മൂർക്കനാട്, ജി.എൽ.പി.എസ് കരുവാരക്കുണ്ട് സ്‌കൂളുകൾക്ക് ശില്പവും 50,000 രൂപ ക്യാഷ് അവാർഡുംലഭിച്ചു. റിയാലിറ്റി ഷോയിലെ മികച്ച പെർഫോമർമാരായി ജില്ലയിൽ നിന്നും കെ.അനന്യ (ഇ.എം.ഇ.എ.എച്ച്.എസ്.എസ് കൊണ്ടോട്ടി), പി.പി.ഹനാൻ (എച്ച്.എം.വൈ.എച്ച്.എസ്.എസ് മഞ്ചേരി), മുനവർ ഹുസൈൻ (ജി.യു.പി.എസ് കൂട്ടിലങ്ങാടി) വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടിയാണ് അവാർഡുകൾ വിതരണം ചെയ്തത്. സംസ്ഥാനത്തെ 825 സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 86 സ്‌കൂളുകളാണ് 'കൈറ്റ് ഹരിതവിദ്യാലയം 4.0'യുടെ ആദ്യ റൗണ്ടിൽ മത്സരിച്ചത്.