ഷൊയ്‌ബ് മാലിക് മൂന്നാം വിവാഹത്തിനൊരുങ്ങുന്നുവോ? വൈകാരിക കുറിപ്പുമായി സാനിയ മിർസയുടെ മുൻ ഭർത്താവ്

Monday 02 March 2026 11:56 AM IST

ഇസ്‌ലാമാബാദ്: മൂന്നാമതും വിവാഹിതനാകുന്നുവെന്ന വാർത്തകളിൽ പ്രതികരിച്ച് ഇന്ത്യയുടെ മുൻ ടെന്നീസ് താരം സാനിയ മിര്‍സയുടെ മുൻ ഭർത്താവും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ ഷൊയ്ബ് മാലിക്ക്. പ്രചരിക്കുന്ന റിപ്പോർട്ടുകൾ വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും ഷൊയ്‌ബ് ആരോപിച്ചു. സമൂഹമാദ്ധ്യമ പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം

2023ന്റെ തുടക്കത്തിലായിരുന്നു എന്റെ ആദ്യ വിവാഹം അവസാനിച്ചത്. പരസ്പര സമ്മതത്തോടെ ഞങ്ങൾ മകനെ ഒരുമിച്ച് വളർത്താൻ തീരുമാനിക്കുകയും ചെയ്തു. ഇതിനുശേഷം മാത്രമാണ് ഞാൻ പുനർവിവാഹം കഴിച്ചത്.

എന്റെ കുടുംബത്തോടുള്ള ബഹുമാനം കണക്കിലെടുത്ത് എന്റെ സ്വകാര്യ ജീവിതം സ്വകാര്യമായി സൂക്ഷിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിരുന്നു. എന്നാൽ എന്റെ നിശബ്ദതയെ നിസാരമായി കണ്ടതായി മനസിലാക്കുന്നു. എന്റെ രണ്ടാം വിവാഹത്തിനുശേഷം ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യക്തികളുമായി എന്നെ ബന്ധപ്പെടുത്തി ആളുകൾ എന്റെ പ്രശസ്തിക്ക് കളങ്കം വരുത്താൻ ശ്രമിക്കുന്നു. എന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത കഥകൾ എഴുതിവിടുന്നു. എന്റെ ഭാര്യ ഒരിക്കലും ഉൾപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളുടെ പേരിൽ ആളുകൾ അവളെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തുന്നു. അത് എനിക്ക് സ്വീകാര്യമല്ല.

എന്റെ മകനിപ്പോൾ ഈ വ്യാജവും കെട്ടിച്ചമച്ചതുമായ റിപ്പോർട്ടുകൾ വായിക്കുന്ന പ്രായത്തിലായതിനാൽ പണത്തിനായും വ്യൂസിനായും പ്രചരിപ്പിക്കുന്ന മുടന്തൻ ആരോപണങ്ങൾ എന്റെ പ്രിയപ്പെട്ടവരെ വിഷമിപ്പിക്കുന്നു. എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ആളുകൾ വിട്ടുനിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ പിന്തുണയ്‌ക്കൊപ്പം സൂക്ഷ്മപരിശോധനയും ഉണ്ടാകുമെന്ന് ഞാൻ മനസിലാക്കുന്നു. പക്ഷേ അതിനൊരു പരിധിയുണ്ട്. സ്വകാര്യതയിലേയ്ക്ക് കടന്നുചെല്ലുകയോ പ്രശസ്തിക്ക് കോട്ടം വരുത്തുകയോ ചെയ്യുന്നത് ആ പരിധി ലംഘിക്കുന്നു.

ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുക. കുറച്ച് ലൈക്കുകളും വ്യൂസുകളും മാത്രമല്ല ജീവിതത്തിൽ മറ്റൊരുപാട് കാര്യങ്ങളുണ്ട്. നിങ്ങളെല്ലാവരെയും പോലെ എനിക്കും ഒരു കുടുംബമുണ്ട്. ഈ സന്ദേശം പോസിറ്റീവായി എടുക്കുമെന്നും എന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള അനുമാനങ്ങൾ, തമാശകൾ അവസാനിപ്പിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെ ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും.