അമ്മയുടെ രുചിക്കൂട്ടിലുണ്ട് സുനിൽ ചന്ദ്രന്റെ നിശ്ചയ ദാർഢ്യത്തിന്റെ കരുത്ത്
"ജീവിതം ആസ്വദിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം -
സന്തോഷവാനായിരിക്കുക എന്നതാണ് - അതി പ്രധാനം. തളർന്ന് പോകാനും...... പിന്തിരിഞ്ഞ് പോകാനും..... ആയിരം കാരണങ്ങൾ....... നമുക്ക് മുൻപിൽ...... ഉണ്ടായേക്കാം..പക്ഷേ......
മുന്നോട്ട് പോയി..... ജയിക്കാൻ ഒരൊറ്റ.... കാരണമേ ഉണ്ടാകൂ..... ജയിക്കണമെന്നുള്ള..... തീരുമാനം..."
തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ കുറിച്ചിട്ട ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ ജീവിതത്തിൽ പ്രാവർത്തികമാക്കിയിരിക്കുകയാണ് സുനിൽ ചന്ദ്രൻ ടി.കെ എന്ന 47കാരൻ. കാറപക'ടത്തിന്റെ രൂപത്തിൽ എത്തിയ വിധി വീൽച്ചെയറിലാക്കിയ ജീവിതത്തെ സ്വാദിഷ്ഠമായ രുചിക്കൂട്ടുകളാൽ ആസ്വാദ്യമാക്കുകയാണ് സുനിൽ. മലപ്പുറം തിരുനാവായ കുറുമ്പത്തൂർ തിയ്യ തിരുത്തി സ്വദേശിയാണ് സുനിൽ. അമ്മ പ്രമീള തയ്യാറാക്കിയ കറിക്കുട്ടുകളാണ് മോംസ് ടെസോറി എന്ന ബ്രാൻഡിൽ സുനിൽ പായ്ക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നത്.
ജീവിതം മാറ്റിയ അപകടം
പ്രവാസി ജീവിതം സ്വപ്നം കണ്ട് ഗൾഫിലേക്ക് പോയതായിരുന്നു സുനിൽ. 2008 ൽ ജോലി കഴിഞ്ഞു വരുമ്പോൾ ആയിരുന്നു അപകടം, കാറിന്റെ ടയർ പൊട്ടി വണ്ടി മറിയുകയായിരുന്നു, ഗുരുതരമായി പരിക്കേറ്റ് അബുദാബിയിൽ ആറുമാസത്തോളം ചികിത്സയിലായിരുന്നു. അരയ്ക്കു താഴെ 65 ശതമാനം ചലനശേഷി നഷ്ടപ്പെ ട്ട് സുനിലിന് നാട്ടിലേക്ക് മടങ്ങാതെ നിർവാഹമില്ലായിരുന്നു.
വഴിത്തിരിവ്
തിരികെ നാട്ടിലെത്തിയ ശേഷം വെല്ലൂർ മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച ഒരു സെമിനാറിൽ പങ്കെടുത്തതാണ് ജീവിതത്തിന് പുതിയ കാഴ്ചപ്പാടുകൾ സമ്മാനിച്ചതെന്ന് സുനിൽ പറയുന്നു. സമാനാവസ്ഥയിൽ കടന്നുപോയവരുടെ ജീവിതങ്ങൾ അടുത്തറിയാൻ കഴിഞ്ഞത് പ്രചോദനമായി. തുടർന്ന് നാട്ടിലെത്തി റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ പല സംരംഭങ്ങളും ആരംഭിച്ചെങ്കിലും ഒന്നിലും വിജയം കണ്ടില്ല.. പിന്നീട് വ്യവസായ വകുപ്പ് നടത്തിയ പരിശീലന പരിപാടിയിലൂടെയാണ് അമ്മയുടെ വറുത്തരച്ച നാളികേര പേസ്റ്റുകൾ അടിസ്ഥാനമാക്കി ഒരു സംരംഭം തുടങ്ങാമെന്ന ആശയത്തിലേക്ക് എത്തുന്നത്. തുടർന്നാണ് മോംസ് ടെസോറി കറിക്കൂട്ടുകൾക്ക് തുടക്കമിട്ടത്.,
സാധാരണ ഊഷ്മാവിലും സൂക്ഷിക്കാനാവുന്ന തരത്തിൽ കേരള കാർഷിക സർവകലാശാല വികസിപ്പിച്ച ടെക്നോളജിയാണ് കറിക്കൂട്ടുകളുടെ നിർമ്മാണത്തിനായി സുനിൽ ഉപയോഗിച്ചത്. നാട്ടിൻപുറത്തെ പരമ്പരാഗത രുചികളാണ് കറിക്കുഴമ്പുകൾ ഓരോന്നിനുമെന്ന് സുനിൽ സാക്ഷ്യപ്പെടുത്തുന്നു . യാതൊരു പ്രിസർവേറ്റീവുകളും കറിക്കൂട്ടുകളിൽ ചേർക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രിസർവേറ്റീവ്സ് ഇല്ലാതെ തന്നെ ചിക്കൻകറി കുഴമ്പ്, മീൻ, സാമ്പാർ, മട്ടൻ, കടലക്കറിക്കുഴമ്പ് എന്നിവ ആറുമാസം വരെ സൂക്ഷിക്കാനാകും. കാർഷിക സർവകലാശാലയുടെ ടെക്നോളജിയും സുനിലിന്റെ മനസും ഒരുമിച്ച് ചേർന്നപ്പോൾ ടെസോറി എല്ലാവരുടെയും പ്രിയപ്പെട്ട ബ്രാൻഡായി മാറി. ഭിന്നശേഷി കൂട്ടായ്മകളിലൂടെ ഭിന്നശേഷിക്കാരുടെ ജീവിത പുരോഗതിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിലും സുനിൽ സജീവ പങ്കാളിയാണ്.
എന്താണ് മോംസ് ടെസോറി
മോംസ് ടെസോറിയെ കുറിച്ച് സുനിൽ ചന്ദ്രൻ പറയുന്നത്:
മോംസ് ടെസോറി എന്നത് തേങ്ങ വറുത്തരച്ച കറി പേസ്റ്റ് ആണ്. ഇതിൽ ഉള്ള ചേരുവകൾ സ്വന്തം നാട്ടിൽ തന്നെ ലഭ്യമാണ്, ഞങ്ങളുടെ മറ്റൊരു പ്രത്യേകത ഗ്ലാസ് ബോട്ടിലിൽ ആണ് വിതരണം ചെയ്യുന്നത് എന്നതാണ്, അതുകൊണ്ട് ഒരുപാട് തവണ തുറന്നു ഉപയോഗിക്കാൻ കഴിയും ഫ്രിഡ്ജിൽ വെക്കേണ്ട ആവശ്യം വരുന്നില്ല, ഒരു വർഷം വരെ ഉപയോഗിക്കാം, മറ്റു ബ്രാൻഡുകളുടെ സാമ്പാർ കറി പൗഡർ ഉപയോഗിക്കുമ്പോൾ കായം, പുളി, ഉപ്പ് എന്നിവ ഉപയോഗിക്കണം, എന്നാൽ മോംസ് ടെസോറി ഉപയോഗിക്കുമ്പോൾ അതൊന്നും വേണ്ട. എല്ലാം സാമ്പാർ ബോട്ടിലിൽ അടങ്ങിയിരിക്കുന്നു. തേങ്ങയടക്കം 16 ഓളം ചേരുവകൾ വറുത്തരച്ചു കൊണ്ടുള്ള ഒരു സാമ്പാർ കൂട്ട് ആണ് Mom's Tesori ROASTED COCONUT SAMBAR paste, Mom's Tesori ഉപയോഗിച്ച് കറികൾ ഉണ്ടാക്കുമ്പോൾ ഒരുപാട് സമയലാഭം ആണ്. കാരണം പരിപ്പ് പച്ചക്കറി എന്നിവയുടെ കൂടെ Mom's Tesori യുടെ ഒരു സ്പൂൺ രുചി കൂട്ട് മാത്രം ചേർത്ത് എളുപ്പത്തിൽ സാമ്പാർ ഉണ്ടാക്കാൻ കഴിയും.