'ഇത് വേറെ റേഞ്ച്'; ഈഡനിലെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്, സഞ്ജുവിന് അങ്ങ് പാകിസ്ഥാനിലും പ്രശംസ

Monday 02 March 2026 6:58 PM IST

കൊല്‍ക്കത്ത: നാല് പടുകൂറ്റന്‍ സിക്‌സറുകളും 12 ബൗണ്ടറികളും അകമ്പടി. 50 പന്തുകളില്‍ നിന്ന് പുറത്താകാതെ 97 റണ്‍സ്. ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ സെമിയിലേക്ക് നീട്ടിയതിന് പിന്നിലെ മനോഹര ഇന്നിംഗ്‌സ്. മലയാളി താരം സഞ്ജു സാംസണ്‍ നടത്തിയ പ്രകടനത്തിന്റെ ആവേശത്തിലാണ് രാജ്യത്തെ ക്രിക്കറ്റ് ആരാധകരും മുന്‍ താരങ്ങളുമെല്ലാം തന്നെ. മലയാളി ക്രിക്കറ്റ് ആരാധകരുടെ സോഷ്യല്‍മീഡിയ ഫീഡുകളില്‍ നിറയുകയാണ് തിരുവനന്തപുരത്തുകാരന്‍.

ഇപ്പോഴിതാ ചിരവൈരികളായ പാകിസ്ഥാനില്‍ നിന്ന് പോലും സഞ്ജുവിനെ തേടി പ്രശംസകളും അഭിനന്ദനങ്ങളും എത്തുകയാണ്. മുന്‍ പാകിസ്ഥാന്‍ ഓപ്പണര്‍ അഹമ്മദ് ഷെഹ്‌സാദ് ആണ് സഞ്ജുവിനെ പ്രശംസിച്ച് രംഗത്ത് വന്നത്. മനോഹരമായ ഇന്നിംഗ്‌സ് ആണ് താരം കളിച്ചതെന്നും അതിലൂടെ ഇന്ത്യക്ക് ലോകകപ്പ് സെമി പ്രവേശനം ഉറപ്പായിരിക്കുന്നു എന്നതും ഇന്നിംഗ്‌സിന്റെ ഭംഗിയും പ്രാധാന്യവും വര്‍ദ്ധിപ്പിക്കുന്നുവെന്നും ഷെഹ്‌സാദ് പറഞ്ഞു.

അതുപോലെ തന്നെ എടുത്ത് പറയേണ്ടതാണ് മത്സരത്തിന് ശേഷം സഞ്ജു നടത്തിയ പ്രതികരണമെന്നും മുന്‍ പാക് താരം പറയുന്നു. ഇത്തരം മത്സരങ്ങളില്‍, ഇത്തരം പ്രകടനങ്ങള്‍ മുന്‍ താരങ്ങളായ വിരാട് കൊഹ്ലിയും രോഹിത് ശര്‍മ്മയും കളിക്കുന്നത് ഡഗ്ഔട്ടില്‍ ഇരുന്ന് താന്‍ വീക്ഷിച്ചുവെന്ന സഞ്ജുവിന്റെ വാക്കുകളെയാണ് ഷെഹ്‌സാദ് പുകഴ്ത്തിയത്. സീനിയര്‍ താരങ്ങളില്‍ നിന്ന് താന്‍ പഠിച്ചെടുത്ത കാര്യങ്ങള്‍ രാജ്യത്തിനും ടീമിനും ആവശ്യമുള്ളപ്പോള്‍ പ്രകടനത്തിലൂടെ പുറത്തെടുക്കാന്‍ കഴിഞ്ഞത് അയാളുടെ മികവിന്റെ ലക്ഷണമാണെന്നും ഷെഹ്‌സാദ് പറഞ്ഞു.