മനം നിറച്ച് ഇന്ന് ആറ്റുകാൽ പൊങ്കാല ; അടുപ്പുവെട്ട് രാവിലെ 9.45, നിവേദ്യം ഉച്ചയ്ക്ക് 2.15
തിരുവനന്തപുരം: ഭക്തലക്ഷങ്ങൾ മനസുനിറച്ച് ഇന്ന് ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയർപ്പിക്കും. രാവിലെ 8.30ന് പന്തീരടിപൂജ, ദീപാരാധന എന്നിവയ്ക്കു ശേഷം 9.25 ഓടെ ശുദ്ധപുണ്യാഹം നടക്കും. ശേഷം 9.45നാണ് പൊങ്കാല അടുപ്പുകൾ ജ്വലിക്കുന്ന മുഹൂർത്തം.
പണ്ടാര അടുപ്പിൽ നിന്ന് പകരുന്ന അഗ്നി ക്ഷേത്ര പരിസരത്തെ അടുപ്പുകളിലേക്ക് പകരും. ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പിനൊപ്പം ചെണ്ടമേളവും കതിനാവെടിയൊച്ചയും കേൾക്കുമ്പോൾ ദൂരെ ദിക്കുകളിൽ കാത്തിരിക്കുന്നവർ അടുപ്പുകളിൽ അഗ്നി പകരും. ഉച്ചപൂജയ്ക്കു ശേഷം ഉച്ചയ്ക്ക് 2.15നാണ് നിവേദ്യം. നിവേദ്യ സമയത്ത് ക്ഷേത്രത്തിൽ ദീപാരാധന നടക്കും. തുടർന്ന് ഉഷഃശ്രീബലിയും ഉച്ചശ്രീബലയും നടക്കും. നിവേദ്യസമയത്ത് ആകാശപുഷ്പവൃഷ്ടിയുമുണ്ടാകും.
ചന്ദ്രഗ്രഹണമായതിനാൽ വൈകിട്ട് 3.10ന് നട അടയ്ക്കും. രാത്രി 7ന് നട തുറക്കും. രാത്രി 8.30ന് കുത്തിയോട്ടത്തിന് ചൂരൽ കുത്തും. 10.45നാണ് പുറത്തെഴുന്നള്ളത്ത്. 581 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ടത്തിനുള്ളത്.
പുറത്തെഴുന്നള്ളത്തിന് പാറന്നൂർ നന്ദൻ എന്ന കൊമ്പനാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ട ബാലന്മാർ അനുഗമിക്കും. സായുധ പൊലീസിന്റെ അകമ്പടിയും വാദ്യമേളങ്ങളുമുണ്ടാകും. നാളെ പുലർച്ചെയാണ് തിരിച്ചെഴുന്നള്ളത്ത്.