താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ പുതിയ മാർഗ്ഗനിർദ്ദേശം
തിരുവനന്തപുരം:കാഷ്വൽ, താൽക്കാലിക സ്വീപ്പർമാരെ സ്ഥിരപ്പെടുത്താൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് മന്ത്രിസഭായോഗം . താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിൽ ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണിത്. കഴിഞ്ഞ പത്തു വർഷത്തിലേറെയായി സർവ്വീസിലുള്ള താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള
സർക്കാർ നീക്കത്തിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജിയെത്തിയത്. സർക്കാർ അനുവദിച്ച തസ്തികകളിൽ താൽക്കാലികമായി ജോലി ചെയ്യുന്നവരെ മാത്രമേ വ്യവസ്ഥകൾക്ക് വിധേയമായി സ്ഥിരപ്പെടുത്താവുവെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കാഷ്വൽ/ താല്ക്കാലിക സ്വീപ്പർമാരുടെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട കേസുകൾ പരമാവധി ഒഴിവാക്കുന്നതിനാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.
2005 നവംബർ 25 നോ അതിന് മുമ്പോ നിലവിലുള്ള ഓഫീസുകളിൽ അന്നും അതിന് ശേഷം തുടർച്ചയായും സേവനത്തിലുണ്ടായിരുന്ന കാഷ്വൽ/ താല്ക്കാലിക സ്വീപ്പർമാരെ ഓഫീസ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായി 100 ച. മീ. എങ്കിലും സ്വീപ്പിംഗ് ഏരിയയുണ്ടെങ്കിൽ പാർട്ട് ടൈം സ്വീപ്പറായി സ്ഥിരപ്പെടുത്താനാണ് തീരുമാനം.ഇപ്രകാരം സ്ഥിരപ്പെടുത്തുമ്പോൾ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്ന തിയതി മുതൽ പ്രാബല്യം അനുവദിക്കും. 2005 നവംബർ 25 ലെയും പിന്നീട് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള സ്വീപ്പിങ്ങ് ഏരിയ സർട്ടിഫിക്കറ്റ് മാത്രമേ ഈ ആവശ്യത്തിനി് പരിഗണിക്കൂ,. നിലവിൽ ജോലി ചെയ്യുന്ന കാഷ്വൽ സ്വീപ്പർമാർക്ക് അതത് ജില്ലകളിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികകളിൽ ഇനി മുതൽ വരുന്ന ഒഴിവിന്റെ 20% തസ്തികകളിലേയ്ക്ക് നിയമനം അനുവദിക്കാൻ കഴിയുമോ എന്ന കാര്യം ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പുമായി കൂടിയാലോചിച്ച് തീരുമാനിക്കും.