ശബരിമല പ്രസാദ വിതരണം: ബാർ കോഡും ഡിജിറ്റൽ മീറ്ററും

Tuesday 03 March 2026 12:00 AM IST
f

കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് ഉൾപ്പെടെയുള്ള പ്രസാദ വിൽപ്പനയിലെ ക്രമക്കേട് തടയാൻ മീനമാസ പൂജ മുതൽ ബാർകോഡും ഡിജിറ്റൽ മീറ്ററും ഒരുക്കുമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. പ്രസാദ കവറുകളിൽ ബാർകോഡ് പതിപ്പിക്കും. വിതരണ സമയത്ത് ഇത് സ്കാൻ ചെയ്ത് ബില്ലിംഗ് നടത്തും. ഇതോടെ ഓരോ ബാച്ചിലും എത്ര പ്രസാദം നിർമ്മിച്ചെന്നും വിറ്റെന്നും കൃത്യമായി അറിയാനാകും. ഭക്തർ സമർപ്പിക്കുന്ന നെയ്യ് അളന്ന് സംഭരണ ടാങ്കുകളിലേക്ക് മാറ്റാൻ പൈപ്പ് ലൈനുകളിൽ ഡിജിറ്റൽ മീറ്ററുകൾ സ്ഥാപിക്കും.

ഹൈക്കോടതിയിൽ ബോർഡ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിലാണ് നടപടികൾ വ്യക്തമാക്കിയത്. റിപ്പോർട്ട് പരിശോധിക്കാൻ ശബരിമല സ്പെഷ്യൽ കമ്മിഷണർക്കും അമിക്കസ് ക്യൂറിക്കും സമയം അനുവദിച്ച കോടതി, വിഷയം വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. ആടിയ ശിഷ്ടം നെയ്യ് പായ്‌ക്ക് ചെയ്യുന്നതിലും വിതരണത്തിലും കൃത്യമായ കണക്കുകളോ രജിസ്റ്ററുകളോ സൂക്ഷിക്കുന്നില്ലെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ബോർഡിന്റെ പരിഹാര നടപടികൾ.

പ്രസാദ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക സ്പെഷ്യൽ ഓഫീസറെ നിയമിക്കാനും ഗുണനിലവാര പരിശോധനയ്‌ക്കായി പമ്പയിലും സന്നിധാനത്തും ലാബ് സൗകര്യങ്ങൾ വിപുലീകരിക്കാനും തീരുമാനിച്ചു. വരും ദിവസങ്ങളിൽ ഈ ശുപാർശകൾ നടപ്പാക്കുന്നതോടെ ശബരിമലയിലെ പ്രസാദ വിതരണം കൂടുതൽ സുതാര്യമാകുമെന്നാണ് കോടതിയിൽ നൽകിയ ഉറപ്പ്.

സി.സി. ടിവികൾ, ഇലക്ട്രിക് ബഗ്ഗി

  • അരിവഞ്ചികളിൽ പണം നിക്ഷേപിക്കുന്നത് തടയും. പകരം ഫ്ലൈ ഓവർ മാതൃകയിൽ ഗോഡൗണിലേക്ക് അരി നേരിട്ടെത്തുന്ന സംവിധാനമൊരുക്കും. സി.സി.ടി.വി ക്യാമറകളും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും ഉറപ്പാക്കും.
  • ഭക്തർക്കിടയിലൂടെയുള്ള ട്രാക്ടർ യാത്ര ഒഴിവാക്കി, പ്രസാദം കൗണ്ടറുകളിൽ എത്തിക്കാൻ ശബ്ദമലിനീകരണം ഇല്ലാത്ത ഇലക്ട്രിക് ബഗ്ഗികൾ പരിഗണിക്കും.
  • ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പ്രസാദവും അസംസ്കൃത വസ്തുക്കളും സൂക്ഷിക്കാൻ ആധുനിക വെയർഹൗസിംഗ് സംവിധാനം ഒരുക്കും.