ഇത് രണ്ടാം ജന്മം; ശ്രീക്കുട്ടി പാലോട്ടെ വീട്ടിലേക്ക് മടങ്ങി
കൊച്ചി: വർക്കലയിൽ വച്ച് ട്രെയിനിൽ നിന്ന് അക്രമി ചവിട്ടി പുറത്തിട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടി മാസങ്ങൾ നീണ്ട തീവ്രപരിചരണത്തിനു ശേഷം എറണാകുളം അമൃത ആശുപത്രി വിട്ടു. മരണത്തിന്റെ വക്കിൽ നിന്ന് അസാധാരണ മനക്കരുത്തിലൂടെ തിരിച്ചെത്തിയ ശ്രീക്കുട്ടി ഇന്നലെ ഉച്ച കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയ്‌ക്കു ശേഷം ഡിസംബർ 25നാണ് ശ്രീക്കുട്ടിയെ അമൃതയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിനേറ്റ ഗുരുതര ക്ഷതം കാരണം ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. ശ്വസിക്കാനും ബുദ്ധിമുട്ട്. ഇടതു തോളിനും പരിക്കേറ്റിരുന്നു.അമൃതയിലെ ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ. രവിശങ്കരൻ, ഡോ. ആനന്ദ് രാജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുടർ ചികിത്സ. ശ്വസനത്തിനായി ട്രക്കിയോസ്റ്റമിയും ഭക്ഷണത്തിനായി ട്യൂബും ഘടിപ്പിച്ചു.ഓക്‌സിജൻ തെറാപ്പി, ശ്വസന വ്യായാമങ്ങൾ, ഭക്ഷണം സ്വയം വിഴുങ്ങാനുള്ള പരിശീലനം, ഓർമ്മശക്തിയും ചിന്താശേഷിയും ഉണർത്താനുള്ള ചികിത്സകൾ, ചലനശേഷി പടിപടിയായി വീണ്ടെടുക്കാനുള്ള പരിശീലനം തുടങ്ങിയവയാണ് ശ നൽകിയത്. ഇപ്പോൾ തനിയെ ഭക്ഷണം കഴിക്കാനും നടക്കാനും സംസാരിക്കാനും കഴിയും. ചികിത്സാ കാലയളവിലുടനീളം കൂടെയുണ്ടായിരുന്നത് അമ്മ പ്രിയയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് ശ്രീക്കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്‌ക്കായി അമൃതയിലേക്ക് മാറ്റിയത്. മാതാ അമൃതാനന്ദമയി മഠം ചികിത്സാ ചെലവുകൾ പൂർണമായും ഏറ്റെടുത്തിരുന്നു. 2025 നവംബർ ആദ്യ വാരം കേരള എക്‌സ്‌പ്രസിൽ യാത്ര ചെയ്യവേയാണ് ശ്രീക്കുട്ടി ലഹരിക്കടിമയായ സഹയാത്രികന്റെ അക്രമത്തിനിരയായത്.