ഇറാന്റെ ഡ്രോൺ ആക്രമണം,​ പിന്നാലെ എൽഎൻജി ഉത്പാദനം നിറുത്തി ഖത്തർ എനർജി

Monday 02 March 2026 8:52 PM IST

ദോഹ: ഖത്തറിലേക്ക് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെ എൽ.എൻ.ജിയുടെയും (ദ്രവീകൃത പ്രകൃതി വാതകം)​ അനുബന്ധ ഉത്പന്നങ്ങളുടെയും ഉത്പാദനം നിറുത്തി ഖത്തർ എനർജി,​. ഖത്തർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയാണിത്.

ഖത്തർ എനർജിയുടെ റാസ് ലഫാൻ ഇൻഡ്സ്ട്രിയൽ സിറ്റിയിലെയും മെസൈയിദ് ഇൻഡസ്ട്രിയൽ സിറ്റിയിലെയും കേന്ദ്രങ്ങളാണ് ഇറാൻ ആക്രമിച്ചത്. ഇതിന് പിന്നാലെയാണ് ഉത്പാദനം നിറുത്തി വയ്ക്കുന്നതായി കമ്പനി എക്സ് പോസ്റ്റിൽ അറിയിച്ചത്. റാസ് ലഫാനിലും മെസൈയിദിലും ഇറാന്റെ ഡ്രോണുകൾ പതിച്ചതായി ഖത്തർ പ്രതിരോധ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ലെന്നും അധികൃതർ അറിയിച്ചിരുന്നു. അമേരിക്ക,​ റഷ്യ,​ ആസ്ട്രേലിയ എന്നീ രാജ്യങ്ങൾക്കൊപ്പം ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഖത്തർ. ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതകശേഖരം ഇറാനുമായി ഖത്തർ പങ്കിടുന്നുണ്ട്.