പ്രവാസി യാത്രക്കാർക്ക് ആശ്വാസ വാർത്ത ; യുഎഇയിൽ കൂടുതൽ വിമാനത്താവളങ്ങൾ തുറക്കുന്നു, ഭാഗികമായി സർവീസ് ആരംഭിക്കും
ദുബായ്: ഇറാൻ - ഇസ്രയേൽ സംഘർഷത്തെ തുടർന്ന് യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ആശ്വാസ വാർത്ത, യാത്രക്കാർക്കായി യു.എ.ഇയിലെ വിമാനക്കമ്പനികൾ ഭാഗികമായി വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. യു.എ.ഇ സിവിൽ ഏവിയേഷൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എമിറേറ്റ്സ് എയർലൈൻസ് ഭാഗികമായി സർവീസ് ആരംഭിക്കും. നിലവിൽ ബുക്കിംഗ് ഉള്ളവർക്കാണ് യാത്ര ചെയ്യാനാവുന്നത്. ദുബായ് വിമാനത്താവളവും ഉടൻ തുറക്കും, ഭാഗിക സർവീസ് ആയിരിക്കും ഉണ്ടാവുക. അൽ മക്തൂം വിമാനത്താവളവും തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്, നിലവിൽ നിർദ്ദേശം കിട്ടിയവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ കഴിയുക.
നേരത്തെ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനായി അബുദാബിയിൽ നിന്ന് മുംബയിലേക്ക് പ്രത്യേക വിമാനങ്ങൾ പുറപ്പെട്ടിരുന്നു, മുംബയ് ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിലേക്കാണ് ഇത്തിഹാദ് എയർവേയ്‌സിന്റെ വിമാനങ്ങൾ സർവീസ് നടത്തുന്നത്. പാരീസ്, ആംസ്റ്റർഡാം, ലണ്ടൻ, കറാച്ചി, ദമ്മാം, മോസ്കോ, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്കും പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.
കൊച്ചിയിലേക്കും വൈകാതെ വിമാനം പറക്കുമെന്നും എന്നാൽ പൊതുവായ ബുക്കിംഗ് ഉടൻ ഉണ്ടാവില്ലെന്നുമാണ് റിപ്പോർട്ട്.
ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണം ആരംഭിച്ചതിന് പിന്നാലെ യു.എ,ഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വ്യോമാതിർത്തി അടച്ചിരുന്നു. ഇതോടെ നിരവധി വിമാന സർവീസുകളാണ് മുടങ്ങിയത്. തുടർന്ന് നിരവധി യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയിരുന്നു.