ഇന്ത്യക്കാര്‍ക്ക് കോടികള്‍ ശമ്പളവും സമ്മാനങ്ങളും; ലോകകപ്പില്‍ തോറ്റ പാക് താരങ്ങള്‍ക്ക് ശിക്ഷ

Monday 02 March 2026 9:48 PM IST

ലാഹോര്‍: ലോകകപ്പില്‍ നിന്ന് നാണംകെട്ട് പുറത്തായ പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ശക്ഷ നല്‍കാന്‍ പിസിബി. ഇന്ത്യയോടുള്ള അഭിമാന മത്സരം തോറ്റതിന് പിന്നാലെ ടൂര്‍ണമെന്റില്‍ സെമി പോലും കാണാതെയുള്ള ടീമിന്റെ മടക്കത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന് കടുത്ത അതൃപ്തിയും അമര്‍ഷവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയോട് തോറ്റതിന് പിന്നാലെ ശിക്ഷ നല്‍കാന്‍ തീരുമാനിച്ചുവെങ്കിലും ടീം പുറത്തായതിന് പിന്നാലെയാണ് ശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ടീമിലെ ഓരോ താരത്തില്‍ നിന്നും 50 ലക്ഷം പാകിസ്ഥാനി രൂപ പിഴയായി ഈടാക്കാനാണ് ബോര്‍ഡ് തീരുമാനമെന്നാണ് വിവരം. അടുത്തകാലത്തായി ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പാകിസ്ഥാന് കഴിയുന്നില്ല. 2017ല്‍ ചാമ്പ്യന്‍സ് ട്രോഫി വിജയിച്ചതിന് ശേഷം ഒരു കിരീടം പോലും നേടാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല. ഇത് രാജ്യത്തെ ക്രിക്കറ്റ് ആരാധകരുടെ രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. അയല്‍ക്കാരുടെ ചിരവൈരികളുമായ ഇന്ത്യ ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതും ആരാധകരും മുന്‍ താരങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ടീം പുറത്തായതോടെ മുന്‍ താരങ്ങളടക്കം വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ബഹിഷ്‌കരണ ഭീഷണികളടക്കം മുഴക്കിയ പാകിസ്ഥാന്‍ അവസാനഘട്ടത്തിലാണ് ലോകകപ്പ് കളിക്കാന്‍ തീരുമാനിച്ചിരുന്നത്. ടൂര്‍ണമെന്റിലാകട്ടെ സെമി കാണാതെ പുറത്താവുകയും ചെയ്തു. അതോടെയാണ് പാക് താരങ്ങള്‍ക്ക് പിഴ ചുമത്താന്‍ ബോര്‍ഡ് തീരുമാനിച്ചത്. ഇന്ത്യയില്‍ ക്രിക്കറ്റ് താരങ്ങള്‍ കോടികള്‍ ശമ്പളമായും ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനവും കിരീടങ്ങളും വാരിക്കൂട്ടുകയും ചെയ്യുമ്പോളാണ് പാക് താരങ്ങള്‍ക്ക് പണം അങ്ങോട്ട് നല്‍കേണ്ടി വരുന്നത്.