നാലുവർഷ ബിരുദം: അക്കാഡമിക് കലണ്ടറായി

Tuesday 03 March 2026 2:47 AM IST

തിരുവനന്തപുരം: എല്ലാ സർവകലാശാലകളിലെയും നാലുവർഷ ബിരുദ കോഴ്സുകളിലേക്കുള്ള അടുത്ത വർഷത്തെ (2026-27) അക്കാഡമിക് കലണ്ടർ സംസ്ഥാനതല മേൽനോട്ട സമിതി തയ്യാറാക്കി. സെമസ്റ്റർ പരീക്ഷ കഴിഞ്ഞാലുടൻ മൂല്യനിർണയ ക്യാമ്പ് ക്യാമ്പസിൽ നടത്തും. ഈ സമയത്ത് വിദ്യാർത്ഥികൾക്ക് അവധി നൽകും.

1,3,5 സെമസ്​റ്റർ പരീക്ഷകളുടെ മൂല്യനിർണയം കോളേജിലാണ് നടത്തുക. ക്യാമ്പസിൽ മൂല്യനിർണയ ക്യാമ്പ് നടത്തുന്നതോടെ വേഗത്തിൽ ഫലം പ്രസിദ്ധീകരിക്കാനാവും. ഓണം, ക്രിസ്‌മസ് അവധികളടക്കം അക്കാഡമിക് കലണ്ടറിന്റെ ഭാഗമാണ്.

പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കകം പ്രവേശനത്തിന് വിജ്ഞാപനമിറക്കും. ജൂൺ 6വരെ അപേക്ഷിക്കാം. ജൂൺ 15നകം ട്രയൽ അലോട്ട്മെന്റും ജൂൺ 20ന് ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. ജൂൺ 26നാണ് രണ്ടാം അലോട്ട്മെന്റ്. ജൂലായ് ഒന്നിന് ആദ്യവർഷ ക്ലാസ് തുടങ്ങും. ജൂലായ് നാലിനാണ് മൂന്നാം അലോട്ട്മെന്റ്. അപേക്ഷിക്കാൻ കഴിയാത്തവർക്ക് ജൂലായ് ആറു മുതൽ പത്തുവരെ ഓപ്ഷൻ രജിസ്ട്രേഷന് അവസരം നൽകും. ജൂലായ് 15നകം നാലാം അലോട്ട്മെന്റാണ്.

ആഗസ്റ്റ് 22മുതൽ 31വരെയാണ് ഓണം അവധി. സെപ്തംബർ 11ന് പ്രവേശനം അവസാനിപ്പിക്കും. സെപ്തംബർ 18നാണ് കോഴ്സ് രജിസ്ട്രേഷൻ. സെപ്തംബർ മുപ്പതിനകം പരീക്ഷാ രജിസ്ട്രേഷൻ പൂർത്തിയാക്കി ഒക്ടോബർ 15ന് ആദ്യ സെമസ്റ്റർ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിക്കും. ഒക്ടോബർ മുപ്പതിന് ഒന്നാം സെമസ്റ്റർ ക്ലാസ് അവസാനിപ്പിച്ച് നവംബർ എട്ടിനകം ഇന്റേണൽ അസസ്മെന്റ് പൂർത്തിയാക്കും. നവംബർ രണ്ടു മുതൽ 13വരെയാണ് ആദ്യസെമസ്റ്റർ പരീക്ഷ. നവംബർ 16 മുതൽ 21വരെയാണ് മൂല്യനിർണയ ക്യാമ്പ്. ഡിസംബർ 15നകം ആദ്യസെമസ്റ്റർ ഫലം പ്രഖ്യാപിച്ച് നവംബർ 23ന് രണ്ടാം സെമസ്റ്റർ ക്ലാസ് തുടങ്ങും. ഡിസംബർ 24മുതൽ 2027 ജനുവരി മൂന്നുവരെയാണ് ക്രിസ്‌മസ് അവധി.

രണ്ടാം സെമസ്റ്റർ പരീക്ഷ 2027ഏപ്രിൽ 5മുതൽ 24വരെയാണ്. മേയ് 25നകം രണ്ടാം സെമസ്റ്രർ ഫലം പ്രസിദ്ധീകരിക്കും. മൂന്നാം സെമസ്റ്റർ പരീക്ഷ ഒക്ടോബർ 16മുതൽ 30വരെയാണ്. ഫലം ഡിസംബർ 15നകം പ്രസിദ്ധീകരിക്കും. നാലാം സെമസ്റ്റർ പരീക്ഷ 2027 ഏപ്രിൽ 16 മുതൽ 30വരെയാണ്. 2027മേയ് 25നകം ഫലം പ്രസിദ്ധീകരിക്കും. ഏപ്രിൽ- മേയ് മാസങ്ങളിലാണ് ഇവർക്കുള്ള ഇന്റേൺഷിപ്പ്.