വേണ്ടത് 9,549 മില്യൺ യൂണിറ്റ് വൈദ്യുതി: റിസർവോയറിൽ മൂന്നിലൊന്ന് വെള്ളം
മലപ്പുറം: വേനലിൽ സംസ്ഥാനത്തിന് വേണ്ടത് 9,549 മില്യൺ യൂണിറ്റ് വൈദ്യുതി. പക്ഷേ 2,490 മില്യൺ യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള വെള്ളമേ റിസർവോയറുകളിലുള്ളൂ എന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടൽ. വൈദ്യുതി മുടക്കം ഒഴിവാക്കാൻ ഏഴ് കമ്പനികളുമായി കെ.എസ്.ഇ.ബി കരാറിലേർപ്പെട്ടിട്ടുണ്ട്. 1,675 മില്യൺ യൂണിറ്റ് വൈദ്യുതി ഇതുവഴി ലഭിക്കും.
കഴിഞ്ഞ കാലവർഷം അധികം ഉത്പാദിപ്പിച്ച വൈദ്യുതി പഞ്ചാബിനും ചത്തിസ്ഗഢിനും നൽകിയിരുന്നു. ഇതിൽ 215.31 മില്യൺ യൂണിറ്റ് വൈദ്യുതി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലഭിക്കും. കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള അധിക വൈദ്യുതിയുൾപ്പെടെ ലഭിക്കുമ്പോൾ പ്രതിസന്ധി ഒഴിയുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടൽ.
കഴിഞ്ഞ വേനലിനെ അപേക്ഷിച്ച് ഇത്തവണ 950.74 മില്യൺ യൂണിറ്റ് അധിക വൈദ്യുതി വേണ്ടിവരും.
മാർച്ചിലും മേയിലും പ്രതിദിന വൈദ്യുതി ഉപയോഗം 100 മില്യൺ യൂണിറ്റ് കടന്നേക്കും. ഫെബ്രുവരിയിൽ 88 മില്യൺ യൂണിറ്റായിരുന്നു ശരാശരി പ്രതിദിന ഉപയോഗം. 2025 മാർച്ചിൽ 97.4 മില്യൺ യൂണിറ്റും ഏപ്രിലിൽ 95ഉം, മേയിൽ 89.1 മില്യൺ യൂണിറ്റുമായിരുന്നു പ്രതിദിന ഉപയോഗം. ആകെ 8,633 യൂണിറ്റ് വൈദ്യുതിയാണ് വേനലിൽ ഉപയോഗിച്ചത്.
വരുന്നു എട്ട് ജലവൈദ്യുത പദ്ധതികൾ
വൈദ്യുതി പ്രതിസന്ധി നേരിടാൻ 127.50 മെഗാവാട്ട്ശേ ഷിയുള്ള എട്ട് ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ആകെ 88 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പന്ത്രണ്ട് ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സ്ഥലമേറ്റെടുപ്പും 1,179 മെഗാവാട്ട് ശേഷിയുള്ള ഏഴ് ജലവൈദ്യുത പദ്ധതികളുടെ പ്രൊജക്ട് റിപ്പോർട്ടും പുരോഗമിക്കുന്നുണ്ട്.
വേനലിലെ പ്രതീക്ഷിത വൈദ്യുത ഉപയോഗം മാസം .........പ്രതീക്ഷിക്കുന്ന ഉപയോഗം .................... പ്രതിദിന ഉപയോഗം
മാർച്ച് ...........................3,209.43 ..........................................103.5
ഏപ്രിൽ ........................3,351.6 ............................................111.7
മേയ് ..............................2,988.09 ..........................................96.4