രാപ്പകലുകളിൽ നൃത്തമാടി നാടോടികൾ

Tuesday 03 March 2026 12:31 AM IST

പത്തനംതിട്ട : വൈകി വൈകി നേരം വെളുപ്പിച്ച് അന്തി ആകുന്നവരെ തുടർന്ന് നാടൻപാട്ട് മത്സരം. മത്സരാർത്ഥികളും ഒപ്പമുള്ളവരും അദ്ധ്യാപകരും ആകെക്കുഴഞ്ഞു. ഏകദേശം 18 മണിക്കൂറാണ് മത്സരം നീണ്ടുനിന്നത്. ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരിന്ന മത്സരം ഏറെ വൈകി പത്തുമണിയോട് അടുപ്പിച്ചാണ് ആരംഭിച്ചത്. ഇതോടെ ഒരുങ്ങി നിന്നവരെല്ലാം ക്ഷീണിച്ചു. മത്സരം അർദ്ധരാത്രിയും പകലുമെല്ലാം കടന്ന് അവസാനിച്ചത് ഇന്നലെ വൈകിട്ട് 4.10ഓടെ. 65 സംഘങ്ങളായിരുന്നു മത്സരത്തിനായി രജിസ്റ്റർ ചെയ്തത്. ഉറങ്ങാതെ മത്സരത്തിനായി പലരും കാത്തിരുന്നു. ഉറക്കച്ചടവിലും നാടൻപാട്ടിന്റെ ആവേശം ചോരാതെ കുട്ടികൾ പാടിത്തകർത്തു. മത്സരം അവസാനിക്കാതെ വന്നതോടെ ഇന്നലെ ഈ വേദിയിൽ നടക്കേണ്ടിയിരുന്ന ആൺകുട്ടികളുടെയും ട്രാൻസ്ജെൻഡേഴ്സിന്റെയും നാടോടിനൃത്തമത്സരം വേദി രണ്ടിലേക്കും വേദി രണ്ടിൽ നടക്കേണ്ടിയിരുന്ന മിമിക്രി മത്സരം വേദി അഞ്ചിലേക്കും മാറ്റേണ്ടി വന്നു. വേദി രണ്ടും ഒന്നും അടുത്തായിരുന്നതിനാൽ മത്സരാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നില്ല. മിമിക്രി മത്സരത്തിനുള്ള വിദ്യാർത്ഥികളാണ് ആകെപെട്ടത്. വേദി മാറ്റിയതറിയാതെ ഇവർ രണ്ടാംവേദിയിലെത്തി. ഇവർ പിന്നീട് കിലോമീറ്ററുകൾ അപ്പുറമുള്ള മാർത്തോമാ കോളേജിലെ പാഞ്ഞെത്തേണ്ടി​വന്നു.