ആനന്ദ് ഓടി​യെത്തി​, ഒന്നാമനായി​

Tuesday 03 March 2026 12:38 AM IST

തി​രുവല്ല : തിരുവനന്തപുരത്ത് നിന്ന് മുൻ കലാപ്രതിഭ ഓടിയെത്തിയത് വെറുതെയായില്ല. ഒരു ഇനത്തിൽ മാത്രമേ പങ്കെടുക്കാൻ സാധിച്ചുള്ളുവെങ്കിലും മടങ്ങിയത് ഒന്നാംസമ്മാനവുമായാണ്. ആൺകുട്ടികളുടെ വിഭാഗം നാടോടിനൃത്തത്തിലാണ് ആലുവ ചൂണ്ടി ഭാരതമാത സ്കൂൾ ഒഫ് ലീഗൽ സ്റ്റഡ‌ീസിലെ ബി.ബി.എ നാലാംവർഷ വിദ്യാർത്ഥി ആനന്ദ് സി.എസ് വി​ജയി​യായത്. 2023ലും 2025ലും എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിലെ കലാപ്രതിഭയായിരുന്നു എറണാകുളം വരാപ്പുഴ സ്വദേശിയായ ആനന്ദ്. എന്നാൽ ഇത്തവണ നാടോടിനൃത്തത്തിൽ മാത്രമാണ് പങ്കെടുത്തത്. സാംസ്കാരിക വകുപ്പ് നടത്തിയ ചിലങ്ക നൃത്തോത്സവത്തിൽ പങ്കെടുത്തതിനാൽ കലോത്സവത്തിൽ കൂടുതൽ ഇനങ്ങളിൽ പങ്കെടുക്കാൻ സാധിച്ചില്ല. നാടോടിനൃത്തത്തിന് പുറമെ ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം, കഥക് എന്നീ ഇനങ്ങളിലാണ് ആനന്ദ് മത്സരിക്കാറുള്ളത്. ആർ.എൽ.വി സുബേഷാണ് ഗുരു.