സൈഫുനിസ കവി​തയെഴുതി​, റൂഹിക്ക് കൂട്ടായി​ അനാമിക

Tuesday 03 March 2026 12:40 AM IST

തിരുവല്ല : മൂവാറ്റുപുഴക്കാരി സൈഫുനിസയും രാജകുമാരി സ്വദേശിനി അനാമികയും കലോത്സവ നഗരി​യി​ൽ നി​ന്ന് മടങ്ങിയത് പിരിയാനാകാത്തവിധം ആത്മബന്ധവുമായാണ്. ഇതി​നുള്ള കാരണം റൂഹി ഫാത്തിമ ഹനീൻ എന്ന ഏഴുമാസം പ്രായമുള്ള സൈഫുനിസയുടെ കുഞ്ഞുവാവയാണ്. ഒരു കവിതപോലെ മനോഹരമായിരുന്നു ആ സൗഹൃദം പിറന്നകഥ.

മൂവാറ്റുപുഴ ഇലാഹിയ കോളേജിലെ വിദ്യാർത്ഥിനിയായ സൈഫുനിസ, മകൾ റൂഹി ഫാത്തിമയുമായാണ് മലയാളം കവിതാരചനയി​ൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം മാർത്തോമ കോളേജിൽ എത്തിയത്. മകളെ ഭർത്താവ് മുഹമ്മദ് റാഫിയുടെ സഹോദരിയെ ഏൽപ്പിച്ചെങ്കിലും സ്ത്രീകളുടെ വിശ്രമമുറിയിൽ വച്ച് കണ്ടുമുട്ടിയ ഇടുക്കി കാണക്കാരി സി.എസ്.ഐ ലാ കോളേജ് വിദ്യാർത്ഥിനിയായ അനാമിക സാം കുഞ്ഞിന്റെ പ്രി​യങ്കരി​യായി​ മാറി​യത് വളരെപെട്ടന്നായി​രുന്നു.

സൈഫുനിസ കവി​തയെഴുതി​ തീരുംവരെ കുഞ്ഞിനെ കൊഞ്ചിച്ചും ലാളിച്ചും അനാമിക മത്സരവേദിക്ക് സമീപം നിലയുറപ്പിച്ചു. അനാമികയും കുഞ്ഞും കളിചിരിയുമായി കൂടുന്നത് മറ്റ് കുട്ടികൾക്കും മത്സരാർത്ഥികൾക്കും കൗതുക കാഴ്ചയായി. ''മകൾ അനാമികയുടെ കൈയിൽ സുരക്ഷിതമായി ഇരിക്കുന്നത് കണ്ടപ്പോൾ ആശ്വാസമായി. മഴുവും മരവുമായിരുന്നു വിഷയം. അമേരിക്ക - ഇറാൻ യുദ്ധവുമായി ചേർത്തുവച്ചാണ് കവിത എഴുതിയത്'' - സൈഫുനിസ പറഞ്ഞു.

സി.എസ്.ഐ ലോ കോളേജിലെ നാടൻപാട്ട് ടീമിലെ അംഗമായിരുന്നു അനാമിക സാം. ഞായറാഴ്ച വൈകിട്ട് തുടങ്ങിയ മത്സരം ഇന്നലെ രാവിലെയാണ് പൂർത്തിയായത്. അല്പം വിശ്രമിക്കാനായി എത്തിയപ്പോഴാണ് റൂഹി ഫാത്തിമയെ കണ്ടത്. ''കുഞ്ഞിനെ കണ്ടപ്പോൾ വല്ലാത്തൊരിഷ്ടം തോന്നി. ഉമ്മ മത്സരത്തിലാണെന്ന് അറിഞ്ഞപ്പോൾ കുട്ടിയെ നോക്കാൻ മനസ്സ് പറയുകയായിരുന്നു'' - അനാമിക പറഞ്ഞു.