'ആരോഗ്യം ആനന്ദം' പത്തനംതിട്ട ഫെസ്റ്റ് തുടങ്ങി

Monday 02 March 2026 11:12 PM IST
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ആരോഗ്യം ആനന്ദം' പത്തനംതിട്ട ഫെസ്റ്റ് സിനിമാതാരം ആശാ ശരത് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പത്തനംതിട്ട കണ്ണംപുത്തൂർ ഗ്രൗണ്ടിൽ നാല് ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ ആരോഗ്യകലാ മേള 'ആരോഗ്യം ആനന്ദം' പത്തനംതിട്ട ഫെസ്റ്റിന് തുടക്കമായി. സിനിമാതാരവും നർത്തകിയുമായ ആശാ ശരത് ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളിൽ ആരോഗ്യ അവബോധം വളർത്തുന്നതിനൊപ്പം വിനോദവും വിജ്ഞാനവും പകരുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയുടെ ഭാഗമായി കേരള ഫെഡറേഷൻ ഓഫ് ഗൈനക്കോളജിസ്റ്റിന്റെ നേതൃത്വത്തിൽ സ്തനാർബുദ പരിശോധനയും സെർവിക്കൽ ക്യാൻസർ സ്‌ക്രീനിംഗും ജീവിതശൈലി രോഗ സങ്കീർണത നിർണയ ക്ലിനിക്കും നടത്തി. മൂന്ന് വർഷത്തിൽ കൂടുതൽ പ്രമേഹ രോഗം ഉള്ളവർക്ക് കണ്ണിനെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി എന്ന അസുഖം കണ്ടെത്താനുള്ള സ്‌ക്രീനിംഗ്, 10 വർഷത്തിൽ കൂടുതൽ പ്രമേഹം ഉള്ളവർക്ക് നാഡികളെ ബാധിക്കുന്ന ഡയബറ്റിക് ന്യൂറോപ്പതി കണ്ടെത്താനുള്ള പരിശോധനയും നടത്തി. വൈകിട്ട് കവിതയും വർത്തമാനവും' എന്ന പരിപാടിയും നൃത്തസന്ധ്യയും ഫ്യൂഷൻ സംഗീതവും അരങ്ങേറി.

ഇന്ന് രാവിലെ മുതൽ സ്വസ്ഥി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ക്യാൻസർ സ്‌ക്രീനിംഗ് ക്യാമ്പ്,​ ജീവിതശൈലീ രോഗനിർണയ ക്ലിനിക്ക്, വിവിധ ആരോഗ്യ വിഷയങ്ങളിൽ സെമിനാർ എന്നിവ നടക്കും. വൈകിട്ട് 3ന് ഇലന്തൂർ ഗവ. കോളേജ് കെട്ടിട ശിലാസ്ഥാപനം മന്ത്രി ആർ. ബിന്ദു നിർവഹിക്കും. പത്തനംതിട്ട ആയുർവേദ ആശുപത്രിയുടെ നിർമ്മാണോദ്ഘാടനവും ക്യാൻസർ കെയർ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി വീണാ ജോർജ് നിർവഹിക്കും. രാത്രി 7ന് പിന്നണി ഗായിക അഞ്ജു ജോസഫ് നയിക്കുന്ന സംഗീത നിശ. നാല് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ പങ്കെടുക്കുന്നവർക്ക് എല്ലാവിധ ആരോഗ്യ പരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും സൗജന്യമായിരിക്കും.