ആർ.എസ്.പിയിൽ വീണ്ടും കലഹം: സംസ്ഥാന കമ്മിറ്റി അംഗം സജി ഡി.ആനന്ദ് പാർട്ടി വിട്ടു

Tuesday 03 March 2026 1:42 AM IST

കൊല്ലം: ഇരവിപുരത്തെ നിയമസഭ സ്ഥാനാർത്ഥി നിർണയത്തിൽ ഭൂരിപക്ഷാഭിപ്രായം അവഗണിച്ചെന്ന് ആരോപിച്ച് ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി.ആനന്ദ് പാർട്ടിയിൽ നിന്ന് രാജിവച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ സേച്ഛാധിപത്യപരമായ നടപടികളിൽ പ്രതിഷേധിച്ചാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.

'ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് ആർ.എസ്.പിയിൽ അംഗീകരിച്ചിരുന്നത്. ഇരവിപുരം മണ്ഡലം തോറ്റാലും വേണ്ടില്ല, പ്രേമചന്ദ്രനെ തകർക്കണമെന്ന ലക്ഷ്യമായിരുന്നു ഷിബുബേബിജോണിന്. പ്രേമചന്ദ്രന്റെ മകനെ മത്സരിപ്പിച്ചാൽ താൻ രാജിവയ്ക്കുമെന്ന് ഷിബു ബേബിജോൺ ഭീഷണി മുഴക്കിയതോടെയാണ് സമവായ സ്ഥാനാർത്ഥിയിലേക്ക് നീങ്ങിയത്. സ്ഥാനാർത്ഥിയെ തീരുമാനിച്ചപ്പോൾ തന്നെ ഇരവിപുരത്ത് യു.ഡി.എഫ് പരാജയപ്പെട്ടു. 1979ൽ മൂന്ന് വയസുള്ളപ്പോൾ ഞാൻ ആർ.എസ്.പിയുടെ കൊടിപിടിച്ചതാണ്. രാജിക്കത്ത് കൊടുക്കാൻ പോലും ആർ.എസ്.പി ഓഫീസിലേക്ക് പോകില്ല. എങ്കിലും പൊതുരംഗത്ത് തുടരും'- സജി ഡി.ആനന്ദ് പറഞ്ഞു.

1987ൽ പി.എസ്.യു പ്രവർത്തകനായ സജി ഡി ആനന്ദ്, പി.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറി, ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ദീർഘകാലം ആർ.എസ്.പി ഇരവിപുരം ലോക്കൽ സെക്രട്ടറി, മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കാഷ്യു ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, യു.ടി.യു.സി ദേശീയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് രണ്ട് ദിവസം മുൻപ് ആർ.എസ്.പി മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു.