ആറ്റുകാൽ പൊങ്കാലയ്ക്കായി ഒരുങ്ങി തലസ്ഥാനം; നിരത്തുനിറഞ്ഞ് ഭക്തർ, അടുപ്പുവെട്ട് രാവിലെ 9.45ന്

Tuesday 03 March 2026 6:59 AM IST

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനായി ഒരുങ്ങിയിരിക്കുകയാണ് തലസ്ഥാന നഗരി. അതിരാവിലെ തന്നെ ഭക്തലക്ഷങ്ങളാൽ നിറഞ്ഞിരിക്കുകയാണ് തിരുവനന്തപുരത്തെ വീഥികൾ. വ്രതശുദ്ധിയോടെ അനേകായിരങ്ങളാണ് അനന്തപുരിയിലേയ്ക്ക് ഒഴുകിയെത്തുന്നത്. റോഡുകൾക്കിരുവശത്തുമായി അടുപ്പുകൾ കൂട്ടി തയ്യാറെടുപ്പുകൾ ആംഭിച്ചിരിക്കുകയാണ് ഭക്തർ.

രാവിലെ 8.30ന് പന്തീരടിപൂജ, ദീപാരാധന എന്നിവയ്ക്കു ശേഷം 9.25 ഓടെ ശുദ്ധപുണ്യാഹം നടക്കും. ശേഷം 9.45നാണ് പൊങ്കാല അടുപ്പുകൾ ജ്വലിക്കുന്ന മുഹൂർത്തം. പണ്ടാര അടുപ്പിൽ നിന്ന് പകരുന്ന അഗ്നി ക്ഷേത്ര പരിസരത്തെ അടുപ്പുകളിലേക്ക് പകരും. ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പിനൊപ്പം ചെണ്ടമേളവും കതിനാവെടിയൊച്ചയും കേൾക്കുമ്പോൾ ദൂരെ ദിക്കുകളിൽ കാത്തിരിക്കുന്നവർ അടുപ്പുകളിൽ അഗ്നി പകരും. ഉച്ചപൂജയ്ക്കു ശേഷം ഉച്ചയ്ക്ക് 2.15നാണ് നിവേദ്യം. നിവേദ്യ സമയത്ത് ക്ഷേത്രത്തിൽ ദീപാരാധന നടക്കും. തുടർന്ന് ഉഷഃശ്രീബലിയും ഉച്ചശ്രീബലിയും നടക്കും. നിവേദ്യസമയത്ത് ആകാശപുഷ്പവൃഷ്ടിയുമുണ്ടാകും.