കഴുത്തിൽ കോളറിട്ട് മന്ത്രി; കെഎസ്‌യുവിന്റെ ആക്രമണത്തിനുശേഷം ആദ്യമായി പൊതുപരിപാടിയിൽ

Tuesday 03 March 2026 2:01 PM IST

പത്തനംതിട്ട: കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കഴുത്തിന് ക്ഷതമേറ്റ് ചികിത്സയിൽ കഴിഞ്ഞതിനുശേഷം ആദ്യമായി പൊതുപരിപാടിയിലെത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. പത്തനംതിട്ടയിലെ ആരോഗ്യ ആനന്ദം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. കഴുത്തിൽ കോളർ ധരിച്ചാണ് മന്ത്രിയെത്തിയത്. ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി വിമർശിച്ചു.

പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ മന്ത്രിയുടെ കഴുത്തിലെ കശേരുകൾക്കിടയിലെ ഡിസ്‌ക്കുകൾ രണ്ടിടങ്ങളിൽ നാഡിയിൽ അമർന്നതാണ് കടുത്ത വേദനയ്ക്ക് കാരണമായത്. വേദന വലതുകൈയിലേക്കും തലയുടെ പിൻഭാഗത്തേക്കും പടരുന്ന സ്വഭാവമുള്ളതായിരുന്നു. ഉയർന്ന രക്തസമ്മർദവുമുണ്ടായിരുന്നു. പരിയാരം മെഡിക്കൽ കോളേജിലായിരുന്നു മന്ത്രി ചികിത്സയിൽ കഴിഞ്ഞത്.

അതേസമയം, വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുൽ അടക്കമുള്ള അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ഈ മാസം അഞ്ചിന് കോടതിയിൽ ഹാജരാക്കും.