അമ്മയ്ക്ക് ആത്മനിവേദ്യമർപ്പിച്ച് മടക്കം; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്
തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച ആത്മനിർവൃതിയിൽ ഭക്തജനലക്ഷങ്ങൾ മടങ്ങി. ഉച്ചയ്ക്ക് രണ്ടേകാലിനായിരുന്നു നിവേദ്യം. ക്ഷേത്രനടയിലെ പണ്ടാരയടുപ്പിൽ നിവേദിച്ച ശേഷമാണ് മറ്റ് കലങ്ങളിൽ നിവേദിച്ചത്. ഇതിനായി 350 പൂജാരിമാരെയാണ് നിയോഗിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരും വിദേശികളും പൊങ്കാലയുടെ പുണ്യം നുകരാനെത്തിയിരുന്നു.ആറ്റുകാൽ ദേവീക്ഷേത്രത്തിൽ നിന്ന് കിലോമീറ്ററുകൾ അകലേക്കുവരെ പൊങ്കാല അടുപ്പുകൾ നിരന്നു. പലയിടങ്ങളിലും രണ്ടും മൂന്നും വരികളായാണ് അടുപ്പുകൾ നിരന്നത്. തലേദിവസം തന്നെ നിരത്തുകളിൽ അടുപ്പൊരുക്കി ദേവിയെ ധ്യാനിച്ചു കാത്തിരുന്നത് ആയിരങ്ങളാണ്. നഗരത്തിന്റെ മുക്കും മൂലയും പൊങ്കാലക്കലങ്ങളാൽ നിറഞ്ഞിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഭക്തർ പൊങ്കാലയ്ക്കെത്തിയെന്നാണ് നഗരക്കാഴ്ചകൾ വ്യക്തമാക്കുന്നത്. സംഘടനകളും സ്ഥാപനങ്ങളും ഭക്ഷണങ്ങളും പാനീയങ്ങളും ഭക്തർക്ക് സുഭിക്ഷമായി വിളമ്പി.
ഭക്തർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ കെ എസ് ആർ ടിസിയും റെയിൽവേയും പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3:10 മുതൽ രാത്രി ഏഴ് വരെ ക്ഷേത്രദർശനം ഉണ്ടാകില്ല. രാത്രി 8:30ന് കുത്തിയോട്ട ബാലന്മാരെ ചൂരൽകുത്ത് ചടങ്ങ് ചടങ്ങ് നടക്കും. രാത്രി 10:45ന് മണക്കാട് ധർമ്മശാസ്‌ത്രാ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. ബുധനാഴ്‌ച രാത്രി 9:45നാണ് ദേവിയെ കാപ്പഴിച്ചു കുടിയിളക്കുന്നത്. രാത്രി 12:45ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല മഹോത്സവം സമാപിക്കും.