ശമ്പളമില്ലാതെ പടിയിറക്കം
34 വർഷത്തെ സേവനം: പി.കൃഷ്ണദാസ് എച്ച്.എം.ടിയിൽ നിന്ന് വെറുംകൈയോടെ പടിയിറങ്ങി
കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടിയിൽ നിന്ന് 34 വർഷത്തെ സർവീസ് പൂർത്തിയാക്കി എച്ച്.എം.ടി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി കൂടിയായ പി.കൃഷ്ണദാസ് കഴിഞ്ഞ ദിവസം പടിയിറങ്ങിയത് വെറുംകൈയോടെ. രണ്ടു മാസത്തെ ശമ്പളവും കുടിശികയാണ്. ശമ്പള വർദ്ധനവും പ്രമോഷനുമില്ലാതെയാണ് കമ്പനി ജീവനക്കാരിന്ന് പിരിയുന്നത്. രണ്ടുമാസത്തെ ശമ്പളം കൃഷ്ണദാസ് ഉൾപ്പെടെ ആർക്കും കിട്ടിയിട്ടില്ല. ഗ്രാറ്റുവിറ്റി, ലീവ് എൻക്യാഷ്മെന്റ്, സെറ്റിൽമെന്റ് അലവൻസ് തുടങ്ങിയവയൊക്കെ കടലാസുകളിൽ മാത്രം. കൃഷ്ണദാസിന് പി.എഫ് തുക മാത്രം ലഭിച്ചു.
2022ന് ശേഷം റിട്ടയർ ചെയ്തവർക്ക് ഗ്രാറ്റുവിറ്റി ലഭിച്ചിട്ടില്ല. 1997ലെ ശമ്പളമാണ് എല്ലാവർക്കും. 29 വർഷം ജീവിത സൂചികയിലുണ്ടായ മാറ്റത്തിനനുസരിച്ച് വർദ്ധനവ് ലഭിച്ചില്ല. പ്രമോഷനുമില്ല.
പ്രതിസന്ധികൾക്കെതിരെ പോരാടി
1985ൽ ട്രേഡ് അപ്രന്റീസായാണ് കൃഷ്ണദാസ് എച്ച്.എം.ടി യിൽ കാലുകുത്തിയത്. 1997 മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്കെതിരായ പോരാട്ടങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗവും സി.പി.എം ലോക്കൽ സെക്രട്ടറിയുമായിരുന്നു. 1997ലെ ശമ്പള പരിഷ്കരണം 2014 ഫെബ്രുവരിയിലാണ് ലഭിച്ചത്. അതിനായി 1520 ദിവസം എച്ച്.എം.ടി ഗേറ്റിൽ സത്യാഗ്രഹ സമരം നടത്തി. 34വർഷം പിന്നിടുമ്പോൾ അടിസ്ഥാന ശമ്പളം 10,700 രൂപ മാത്രം. ഇത്രയും കാലം കളമശേരിയിൽ ജീവിച്ചെങ്കിലും സ്വന്തം വീടുവയ്ക്കാൻ പോലും കഴിഞ്ഞില്ല. ക്വാർട്ടേഴ്സിൽ മൂന്നുമാസം കൂടി താമസിക്കാം. എങ്കിലും ആനുകൂല്യങ്ങൾ ലഭിക്കാതെ ഇറങ്ങില്ലെന്നാണ് നിലപാട്.
മകൾ ബംഗളൂരു നിംഹാൻസിൽ ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ ചെയ്യുന്നു. മകൻ അവസാന വർഷം ബി.ടെക് വിദ്യാർത്ഥിയും. ഭാര്യ: ടി.ആർ. സിന്ധു കളമശേരിയിലെ അൺ എയ്ഡഡ് സ്കൂളിൽ ലൈബ്രേറിയനാണ്.
റിട്ടയർമെന്റ് ജീവിതം നന്നാവട്ടെ എന്ന് എല്ലാവരും ആശംസിക്കുമ്പോൾ പട്ടിണിയില്ലാതെ പോകണമെങ്കിൽ പുതിയ ജോലി തേടണം.
പി.കൃഷ്ണദാസ്
114 ജീവനക്കാർ
ഇനി എച്ച്.എം.ടിയിൽ അവശേഷിക്കുന്നത് 114 സ്ഥിരം ജീവനക്കാർ മാത്രം
ക്യാന്റീൻ, സെക്യൂരിറ്റി, ടെക്നീഷ്യൻ ഉൾപ്പെടെ കരാർ ജീവനക്കാർ 300 പേരുണ്ട്