മൂവാറ്റുപുഴയുടെ സ്വപ്നം 6ന് സാഫല്യമാകും, നഗര റോഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Wednesday 04 March 2026 1:34 AM IST

മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ ചിരകാല സ്വപ്നമായ നഗര വികസന പദ്ധതിയിലെ നഗര റോഡിന്റെ ഉദ്ഘാടനം 6ന് വൈകിട്ട് 4ന് മുഖ്യമന്ത്രി നിർവഹിക്കും. ഏകദേശം ഇരുപത് വർഷത്തോളമായി വിവിധ കാരണങ്ങളാൽ പൂർത്തീകരിക്കാതെ കിടന്നിരുന്ന പദ്ധതി, നിരവധി വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ച ശേഷമാണ് യാഥാർത്ഥ്യത്തിലേക്ക് എത്തിയിരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂവാറ്റുപുഴയെ സംബന്ധിച്ചിടത്തോളം നഗര വികസനം ഒരു ദീർഘകാല സ്വപ്ന പദ്ധതിയായിരുന്നു. ഭരണപരമായ കാലതാമസങ്ങൾ, സാങ്കേതിക തടസങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇവയെല്ലാം മറികടന്ന് നഗര റോഡ് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞത് മൂവാറ്റുപുഴയ്ക്ക് വലിയ നേട്ടമാണെന്നും എം.എൽ.എ പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി , യു.ഡി.എഫ് ചെയർമാൻ കെ.എം.അബ്ദുൾ മജീദ് , കൺവീനർ അഡ്വ. കെ.എം.സലിം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

45.2 കോടി രൂപ രൂപയാണ് നഗരവികസന പദ്ധതിയുടെ മൊത്തം ചിലവ്.

കച്ചേരി താഴത്തെ മൂന്നാമത് ഒരു പാലം കൂടി വരുന്നതോടുകൂടി നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടും

നഗര റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി.

ബ്യൂട്ടിഫിക്കേഷൻ വർക്കുകളുടെ ഭാഗമായി ലൈറ്റുകളും അനുബന്ധ പ്രവർത്തികളും ആണ് നിലവിൽ ബാക്കിയുള്ളത്.

നഗര വികസനം പൂർത്തിയാക്കാനായതിലൂടെ ‘കൂടുതൽ മികച്ച മൂവാറ്റുപുഴ’ എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റമാണ് നടക്കുന്നത്.

മാത്യു കുഴൽനാടൻ

എം.എൽ.എ