ചിറ്റൂർ ഇക്കുറി ഇടത്തോട്ടോ അതോ വലത്തോട്ടോ?
പാലക്കാട്: കേരളത്തിന്റെ കള്ളറയെന്നും പാൽക്കുടമെന്നും അറിയപ്പെടുന്ന തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മണ്ഡലമാണ് ചിറ്റൂർ. കോൺഗ്രസിനും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്കും അടിയുറച്ച വേരുകളുള്ള ചിറ്റൂരിന്റെ മണ്ണിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഇവിടെ പോരാട്ട വേദിയിൽ നിറഞ്ഞുനിന്നത് രണ്ട് മുഖങ്ങളാണ്. ജനതാദൾ എസ് നേതാവ് കെ.കൃഷ്ണൻകുട്ടിയും മുതിർന്ന കോൺഗ്രസ് നേതാവ് കെ.അച്യുതനും.
തുടർച്ചയായി രണ്ട് പതിറ്റാണ്ട് കെ.അച്യുതനെ നിയമസഭയിലെത്തിച്ച ചിറ്റൂർ കഴിഞ്ഞ 10 വർഷമായി ജെ.ഡി.എസിലെ കെ.കൃഷ്ണൻകുട്ടിയെയാണ് വിജയിപ്പിച്ചത്. കൃത്യമായ ഇടവേളകളിൽ ചിറ്റൂരിന്റെ രാഷ്ട്രീയ ഭൂപടം ഇടത്തോട്ടും വലത്തോട്ടുമെല്ലാം ചാഞ്ഞിട്ടുണ്ടെന്നത് വസ്തുതയാണ്. 1965ൽ എസ്.എസ്.പിയിലെ കെ.എ.ശിവരാമഭാരതി ചിറ്റൂരിന്റെ ആദ്യ എം.എൽ.എയായി. 1967ലും 1970ലും ശിവരാമഭാരതി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1977ൽ സി.പി.ഐയിലെ പി.ശങ്കർ വിജയിച്ചു.1980ൽ കെ.കൃഷ്ണൻകുട്ടി എം.എൽ.എയായി. 1987ൽ കോൺഗ്രസിലെ കെ.എ.ചന്ദ്രൻ, 1991ൽ കെ.കൃഷ്ണൻകുട്ടി, 1996 മുതൽ 2011 വരെ കെ.അച്യുതൻ, 2016 മുതൽ കെ.കൃഷ്ണൻകുട്ടി എന്നിവരാണ് ചിറ്റൂരുകാരുടെ ജനപ്രതിനിധികളായത്.
20 വർഷം തുടർച്ചയായി കോൺഗ്രസ് ജയിച്ച മണ്ഡലം കഴിഞ്ഞ 10 വർഷമായി എൽ.ഡി.എഫിന്റെ കൈയ്യിലാണ്. ഇത്തവണ ഇതു തിരികെ പിടിക്കാനുള്ള പോരാട്ടത്തിലാണ് യു.ഡി.എഫ്. മണ്ഡലം നിലനിറുത്താനുള്ള കഠിനപരിശ്രമത്തിൽ എൽ.ഡി.എഫും പ്രചാരണങ്ങൾ കൊഴുപ്പിക്കുന്നു. നെല്ലുസംഭരണത്തിലെ പാകപ്പിഴകളും ഭരണവിരുദ്ധ വികാരവുമെല്ലാം വോട്ടാവുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. എന്നാൽ, മന്ത്രി കൂടിയായ കൃഷ്ണൻകുട്ടിയുടെ മണ്ഡലത്തിലെ ജനകീയതയും വികസന പ്രവർത്തനങ്ങളുമെല്ലാം എൽ.ഡി.എഫിനും ആത്മവിശ്വാസം നൽകുന്നു.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചിറ്റൂർ - തത്തമംഗലം നഗരസഭയും കൊഴിഞ്ഞാമ്പാറ പഞ്ചായത്തും യുഡിഎഫ് തിരിച്ചുപിടിച്ചു. കൊഴിഞ്ഞാമ്പാറയിൽ സി.പി.എം വിമതർ ഇന്ത്യാ സഖ്യം പോലെ യു.ഡി.എഫിനൊപ്പം നിന്നാണു ഭരണം പിടിച്ചത്. ഇതു നിയമസഭാ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിൽ നഗരസഭ ഉൾപ്പെടെ നാലെണ്ണത്തിൽ യു.ഡി.എഫും അഞ്ച് പഞ്ചായത്തിൽ എൽ.ഡി.എഫുമാണ് അധികാരത്തിലുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പു ഫലം വച്ചുനോക്കുമ്പോൾ എൽ.ഡി.എഫിനാണ് മുൻതൂക്കം. 6,735 വോട്ടിന്റെ ലീഡാണ് എൽ.ഡി.എഫിനുള്ളത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 33,878 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണു കൃഷ്ണൻകുട്ടി വിജയിച്ചത്. യു.ഡി.എഫിൽ സുമേഷ് അച്യുതനായിരുന്നു സ്ഥാനാർത്ഥി. കെ.കൃഷ്ണൻകുട്ടി മത്സരരംഗത്തു നിന്നു വിട്ടുനിന്നാൽ വി.മുരുകദാസ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും. യു.ഡി.എഫിൽ നിലവിലെ ചിറ്റൂർ നഗസഭാദ്ധ്യക്ഷൻ കൂടിയായ സുമേഷ് അച്യുതന്റെ പേരാണു പരിഗണിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിൽ ഉൾപ്പെടെ സീറ്റ് വർധിപ്പിച്ച ബി.ജെ.പിയും മികച്ച മത്സരം കാഴ്ച വയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.
2021ലെ വോട്ടുനില
കെ.കൃഷ്ണൻകുട്ടി (എൽ.ഡി.എഫ്): 84,672.
സുമേഷ് അച്യുതൻ (യു.ഡി.എഫ്): 50,794.
വി.നടേശൻ (എൻ.ഡി.എ): 14,458.
ഭൂരിപക്ഷം: 33,878
എൽ.ഡി.എഫ്: എരുത്തേമ്പതി, നല്ലേപ്പിള്ളി, പെരുമാട്ടി, പെരുവെമ്പ്, പൊൽപുള്ളി.
യു.ഡി.എഫ്: ചിറ്റൂർ–തത്തമംഗലം നഗരസഭ, കൊഴിഞ്ഞാമ്പാറ, പട്ടഞ്ചേരി, വടകരപ്പതി.