തോക്കുകൾ വിശ്രമത്തിൽ; പന്നിക്കൂട്ടം ഇനി നാട്ടിൽ വിലസും

Wednesday 04 March 2026 12:16 AM IST

കാളികാവ്: തോക്കുകൾ വിശ്രമത്തിൽ, ഇനി പന്നിക്കൂട്ടം നാടു ഭരിക്കും. കർഷകർക്ക് ദുരിത കാലം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്തുള്ള മുഴുവൻ ലൈസൻസുള്ള തോക്കുകളും അതത് പൊലീസ് സ്റ്റേഷനുകളിൽ വിശ്രമത്തിലാണ്. കഴിഞ്ഞ മാസം 27ന് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവുപ്രകാരം ഈ മാസം ഒന്നു മുതൽ എല്ലാ തോക്കുകളും പൊലീസ് സ്റ്റേഷനുകളിൽ ഹാജരാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ എം പാനൽ ഷൂട്ടർമാരുടെ തോക്കുകൾ ഉൾപ്പെട്ടതാണ് കർഷകർക്ക് വിനയായത്. ഈ മാസം ഒന്ന് മുതൽ പിടിച്ചു വെച്ച തോക്കുകൾ എന്ന് തിരിച്ചു നൽകുമെന്നതിനും ഉറപ്പില്ല.

പന്നിവേട്ട നിലച്ചു

രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ നടക്കുന്ന അംഗീകൃത പന്നിവേട്ടയാണ് കർഷകർക്ക് അൽപ്പമെങ്കിലും ആശ്വാസം നൽകുന്നത്. വന്യജീവി മനുഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പന്നി വേട്ട നടത്തുന്നതിന് അതത് പഞ്ചായത്തുകൾക്ക് നേരത്തെ അധികാരം നൽകിയിരുന്നു. തുടർന്നാണ് കർഷകർക്ക് ആശ്വാസമായ നടപടിയുണ്ടായത്.

ഇനി നാട്ടിൻ പുറങ്ങളിലുള്ള ഒരുകൃഷിയും പന്നികൾ ബാക്കിവയ്ക്കില്ല. എം-പാനൽ ഷൂട്ടർമാരുടെ തോക്ക് തിരിച്ചു നൽകണം.

കർഷകർ