സ്‌പാം മെസേജിൽ കൈകോർത്ത് എയർടെല്ലും ഗൂഗിളും 

Wednesday 04 March 2026 12:21 AM IST

കൊച്ചി: ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ഭാരതി എയർടെൽ ഗൂഗിളുമായി കൈകോർക്കുന്നു. എയർടെല്ലിന്റെ നെറ്റ്‌വർക്ക് ഇന്റലിജൻസും ഗൂഗിളിന്റെ ആധുനിക മെസേജിംഗ് സംവിധാനമായ റിച്ച് കമ്മ്യൂണിക്കേഷൻ സർവീസസ് പ്ലാറ്റ്‌ഫോമും സംയോജിപ്പിച്ചാണ് ഈ സേവനം. ഗൂഗിളിന്റെ മെസേജിംഗ് പ്ലാറ്റ്‌ഫോമിലൂടെ ടെക്സ്റ്റ് മെസേജുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സ്പാം പ്രൊട്ടക്ഷൻ ടൂൾ ഭാരതി എയർടെൽ ഏർപ്പെടുത്തും. ഇതിലൂടെ സ്‌പാം മെസ്സേജുകൾ തത്സമയം തിരിച്ചറിയാനും ബ്ലോക്ക് ചെയ്യാനും സാധിക്കും. വാട്‌സാപ്പിന് സമാനമായി ഉയർന്ന നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും അയക്കുവാനും മെസേജുകൾക്ക് റിയാക്ഷനുകൾ നൽകാനുമുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ വഴി നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളും വ്യാജ സന്ദേശങ്ങളും തടയാൻ ടെലികോം ഗ്രേഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ നടപ്പിലാക്കും. കമ്പനികളിൽ നിന്ന് വരുന്ന സന്ദേശങ്ങളുടെ ആധികാരികത തിരിച്ചറിയാൻ പ്രത്യേക വെരിഫിക്കേഷൻ സംവിധാനമുണ്ടാകും.