ശബരി പാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ 7 ഓഫീസുകൾ

Wednesday 04 March 2026 12:26 AM IST

തിരുവനന്തപുരം: അങ്കമാലി- എരുമേലി ശബരി റെയിൽപ്പാത നിർമ്മാണത്തിനായി എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ 303.58 ഹെക്ടർ ഭൂമിയെറ്റെടുക്കാൻ റവന്യു വകുപ്പ് 7 ഓഫീസുകൾ തുറക്കും. മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ,​ തൊടുപുഴ,​ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ ഭൂമിയേറ്റെടുക്കാൻ സർക്കാർ ഉടൻ ഭരണാനുമതി നൽകും. സ്ഥലമെടുപ്പ് ഓഫീസുകളിലേക്ക് ഉദ്യോഗസ്ഥരുടെ പുനർവിന്യാസം നടത്തുന്നതിൽ ഉടൻ തീരുമാനമെടുക്കും.

ഏറ്റെടുക്കേണ്ട ഭൂമിയുടെ വിവരങ്ങൾ ജില്ലാ കളക്ടർമാർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 2013ൽ നിശ്ചയിച്ച അലൈൻമെന്റ് പ്രകാരമായിരിക്കും ഭൂമിയേറ്റെടുക്കുക. വിജ്ഞാപനമിറക്കുന്നതോടെ ഭൂമിയേറ്റെടുക്കൽ യൂണിറ്റുകൾ പുനഃസ്ഥാപിക്കാനും സ്പെഷ്യൽ തഹസിൽദാർമാരെ ഭൂമിയേറ്റെടുക്കലിന് നിയോഗിക്കാനും റവന്യുവകുപ്പിന് കഴിയും. പദ്ധതിയുടെ അലൈൻമെന്റ് മാപ്പ് ദക്ഷിണ റെയിൽവേ നിർമ്മാണ വിഭാഗം ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ സർട്ടിഫൈ ചെയ്ത് നൽകണമെന്ന് റവന്യു സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.