കോ-ലീ-ബി സഖ്യത്തിനും കീഴടങ്ങാതെ ഉണ്ണികൃഷ്ണൻ
വടകര: കേരളരാഷ്ട്രീയം ഇപ്പോഴും ചർച്ചചെയ്യുന്നുണ്ട് കോ-ലീ-ബി സഖ്യത്തെത്തുറിച്ച്. കേരളത്തിന്റെ രാഷ്ട്രീയ പരീക്ഷണശാലയിൽ കോൺഗ്രസും ലീഗും ബി.ജെ.പിയും ഒരുമിച്ച് നിന്ന് എൽ.ഡി.എഫിനെ നേരിട്ട ആ സഖ്യത്തിനെതിരെ 35 വർഷംമുമ്പ് പോരാടി ജയിച്ച ചരിത്രവും കെ.പി.ഉണ്ണികൃഷ്ണന് സ്വന്തം.
91ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി വടകരയിൽ കെ.പി. ഉണ്ണികൃഷ്ണനെ പ്രഖ്യാപിച്ചു. മറു പക്ഷത്ത് അഡ്വ. എം.രത്‌നസിംഗ് യു.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പിക്കും യു.ഡി.എഫിനും ഒറ്റ സ്ഥാനാർത്ഥി മാത്രം. എന്നാൽ ഉണ്ണികൃഷ്ണന്റെ ജനപ്രീതിയിൽ ഇടതുപക്ഷത്തിനായി വടകരയിലെ ജയം. കക്ഷിരാഷ്ട്രീയത്തിനുമപ്പുറത്തേക്ക് പടർന്നിരുന്ന കെ.പി.ഉണ്ണികൃഷ്ണനെ പരാജയപ്പെടുത്താൻ കോ-ലീ-ബി ക്ക് കഴിഞ്ഞില്ല. 1971ലെ ലോക്സഭ തിരഞ്ഞെടുപ്പിലാണ് കെ.പി. ഉണ്ണികൃഷ്ണൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വടകരയിൽ ആദ്യമായി മത്സരത്തിനിറങ്ങിയത്. കമ്മ്യൂണിസ്റ്റ് പിന്തുണയുള്ള സ്വതന്ത്രൻ എ.വി. രാഘവനായിരുന്നു മുഖ്യ എതിരാളി. ഈ മത്സരത്തിൽ അൻപത്തി ഏഴായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെ വടകര ആദ്യമായി കെ.പി. ഉണ്ണികൃഷ്ണനെ ചേർത്തുവച്ചു. പിന്നീട് 86 വരെ തുടർന്നുവന്ന 6 തിരഞ്ഞെടുപ്പുകളിൽ വടകര പാർലമെന്റിലേക്കയച്ചത് കെ.പി. ഉണ്ണികൃഷ്ണനെയാണ്. 77 ൽ അരങ്ങിൽ ശ്രീധരനെയും 80ൽ കളംമാറി മത്സരിച്ച് മുല്ലപ്പള്ളി രാമചന്ദ്രനെയും 84 ൽ കെ.എം.രാധാകൃഷ്ണനേയും 89 ൽ എ.ശ്രീധരനെയും 91 ൽ എം.രത്‌നസിംഗിനെയും പരാജയപ്പെടുത്തി. 1989-90 കാലഘട്ടത്തിൽ വി.പി.സിംഗ് മന്ത്രിസഭയിൽ ടെലി കമ്മ്യൂണിക്കേഷൻ,ഷിപ്പിംഗ്, ഉപരിതല ഗതാഗത വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രിയായി പ്രവർത്തിച്ചു. 96 ൽ വീണ്ടും ഐക്യജനാധിപത്യ മുന്നണിയിലേക്ക് കൂട് മാറി. ഇടതുപക്ഷത്തെ ഒ.ഭരതനെ നേരിട്ടപ്പോൾ പരാജയത്തിന്റെ കയ്പറിഞ്ഞു. തുടർന്നാണ് പതിയെ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട വാങ്ങിയത്.
പോക്കും തിരിച്ചുവരവും
സ്കൂൾ,കോളേജ് പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയംഗമായിരുന്നു കെ.പി. ഉണ്ണികൃഷ്ണൻ. 1960ൽ കോൺഗ്രസിൽ ചേർന്നു. 1962 മുതൽ എ.ഐ.സി.സി. അംഗവുമായിരുന്നു. വി.കെ. കൃഷ്ണമേനോനൊപ്പം പ്രവർത്തിച്ചു. ഇന്ദിരാഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കോൺഗ്രസ്(യു)വിലും കോൺഗ്രസ് എസിലുമെത്തി. 1994ൽ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങി. 1981-84 കാലത്ത്, പാർലമെന്റിൽ കോൺഗ്രസ് (സെക്കുലർ) നേതാവായിരുന്നു. 1980-82 കാലത്ത് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയംഗവുമായിരുന്നു. 1936 സെപ്തംബർ 20നാണ് ജനനം. പഠനം മദ്രാസ് ക്രിസ്ത്യൻ കോളേജിലായിരുന്നു. ചെന്നൈയിൽ നിന്നുതന്നെ നിയമപഠനം പൂർത്തിയാക്കി. പത്രപ്രവർത്തകനായിരിക്കെയാണ് 1971ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വടകരയിൽ നിന്ന് വിജയിച്ചത്. തുടർന്ന് 1977,1980,1984,1989,1991 വർഷങ്ങളിലും എം.പിയായി. 1996ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എൽ.ഡി.എഫിലെ ഒ.ഭരതനോട് പരാജയപ്പെട്ടു. ബൊഫേഴ്സ് കേസിൽ പാർലമെന്റിൽ ശക്തമായി പ്രതിഷേധിച്ചു. ഇതേതുടർന്നാകാം പിന്നീട് കോൺഗ്രസിലെത്തിയെങ്കിലും മുഖ്യധാര രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല.