ചെങ്ങന്നൂരിന്റെ ജില്ലാ സ്റ്റേഡിയം: ഉദ്ഘാടനം ഇന്ന് കായിക പ്രേമികൾക്ക് പുതിയ പ്രതീക്ഷ

Wednesday 04 March 2026 1:45 AM IST
ഒന്നാം ഘട്ടം പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് തയ്യാറായ ചെങ്ങന്നൂർ ജില്ല സ്റ്റേഡിയം.

ചെങ്ങന്നൂർ: നഗരത്തിന്റെ കായിക ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട് ചെങ്ങന്നൂരിലെ ജില്ലാ സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ടം ഇന്ന് വൈകിട്ട് അഞ്ചിന് ജനങ്ങൾക്ക് സമർപ്പിക്കുന്നു. മന്ത്രി വി.അബ്ദു റഹ്മാൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. വർഷങ്ങളായി കായിക പ്രേമികൾ കാത്തിരുന്ന സ്വപ്ന പദ്ധതിയാണ് പെരുങ്കുളം പാടത്തെ 17 ഏക്കർ വിസ്തൃതിയിലുള്ള ഈ ജില്ലാ സ്റ്റേഡിയം. നഗര വികസനത്തിന് നാഴികക്കല്ലാകുന്ന ഈ പദ്ധതി നടപ്പാക്കാൻ സർക്കാർ 100 കോടി രൂപ അനുവദിച്ചു. ഈ സ്റ്റേഡിയത്തിന്റെ പേരിലാകും ഇനി ചെങ്ങന്നൂർ അറിയപ്പെടുന്നത്.

താരങ്ങൾക്ക് സമഗ്ര സൗകര്യങ്ങൾ

കളിക്കാർക്കായി പ്രത്യേകം മുറികളും ഗസ്റ്റ് റൂമുകളും സജ്ജമാക്കും. ഗാലറിക്ക് താഴെ കടമുറികളും നിർമ്മിക്കും. സ്റ്റേഡിയം കോമ്പൗണ്ടിൽ പൊതുപരിപാടികൾക്കായി പാർക്കിംഗ് കം ഓപ്പൺ ഓഡിറ്റോറിയവും ഒരുക്കും.പദ്ധതി നിർവഹണം സ്പോർട്സ് കേരള ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ കരാറുകാരായ ഗ്രേറ്റർ സ്പോർട്ട്സ് ലിമിറ്റഡാണ് നടത്തുന്നത്.

..........................................

രണ്ടാം ഘട്ടത്തിൽ

1. രണ്ടാം ഘട്ടത്തിൽ 25,000 കാണികൾക്ക് ഇരിയ്ക്കാവുന്ന ഗാലറിയോടുകൂടിയ വിപുലമായ സ്റ്റേഡിയം

2.എട്ട് ലൈൻ സിന്തറ്റിക് ട്രാക്ക്, നാച്ചുറൽ ഫുട്ബോൾ ടർഫ്, ലോംഗ് ജംപ്, ട്രിപ്പിൾ ജംപ് പിറ്റുകൾ

3. 50 x 30 മീറ്റർ വിസ്തൃതിയിലുള്ള മേപ്പിൾ വുഡ് പാകിയ ഇൻഡോർ സ്റ്റേഡിയം, ഔട്ട്‌ഡോർ ജിംനേഷ്യം, പ്രത്യേക ക്രിക്കറ്റ് ഗ്രൗണ്ട്, സ്പോർട്സ് ഹോസ്റ്റലുകൾ, പാർക്ക്

4.ഫ്ളഡ് ലൈറ്റ് സംവിധാനം, വി.ഐ.പി ലോഞ്ച്, പമ്പ് ഹൗസ്, ബോർവെൽ, പവർ സബ് സ്റ്റേഷൻ, അഗ്നിശമന സംവിധാനങ്ങൾ

4. ഒളിമ്പിക്സ് നിലവാരത്തിലുള്ള നീന്തൽക്കുളം: കഴിഞ്ഞ ബഡ്ജറ്റിൽ 7.5 കോടി രൂപ വകയിരുത്തി

...................................................................

എല്ലാത്തരം കായിക - ഗെയിംസ് ഇനങ്ങളും നടത്താനാകുന്ന സംസ്ഥാനത്തെ മികച്ച സ്റ്റേഡിയങ്ങളിലൊന്നായി ചെങ്ങന്നൂർ ഉയരും. കായികരംഗത്ത് പുതിയ തലമുറയെ വളർത്താനും ദേശീയ - അന്താരാഷ്ട്ര നിലവാരത്തിലുള്ള താരങ്ങളെ രൂപപ്പെടുത്താനും ഈ സ്റ്റേഡിയം വലിയ പങ്കുവഹിക്കും. ജില്ലാതല, സംസ്ഥാനതല മത്സരങ്ങൾ നടത്താനാകുന്ന അടിസ്ഥാന സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.

(മന്ത്രി സജി ചെറിയാൻ)​

.............................................................

നിർമ്മാണച്ചെലവ് 100 കോടി

17 ഏക്കർ വിസ്തൃതി

.............................

ഒന്നാം ഘട്ടത്തിൽ

.................................

ഫുട്ബാൾ ടർഫ്,

സിന്തറ്റിക് ട്രാക്ക്,

രണ്ട് പവലിയനുകൾ,

ഓഫീസ് കെട്ടിടങ്ങൾ