വീണാ ജോർജിനെതിരായ അക്രമം: കെ.എസ്.യു പ്രവർത്തകർക്ക് ജാമ്യമില്ല
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആക്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെ.എസ്.യു പ്രവർത്തകർക്ക് ജാമ്യമില്ല. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ,വി.വി.അക്ഷയ്,ബിതുൽ ബാലൻ, സി.എച്ച്.മുബാസ്,അഹമ്മദ് യാസീൻ എന്നിവരുടെ ജാമ്യാപേക്ഷ കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ മന്ത്രി, പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, നിയമവിരുദ്ധമായ സംഘം ചേരൽ, അപകടകരമായ ആയുധം ഉപയോഗിച്ച് ആക്രമിക്കൽ, റെയിൽവേ ആക്ടിലെ വകുപ്പുകൾ തുടങ്ങി 11 ഗുരുതര വകുപ്പുകളാണ് പ്രതിഷേധക്കാർക്കെതിരെ ചുമത്തിയത്.
നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമാണെന്നും വധശ്രമക്കുറ്റം നിലനിൽക്കില്ലെന്നും ജാമ്യഹർജിയിൽ പ്രതിഭാഗം വാദിച്ചു. എന്നാൽ സി.സി ടിവി ദൃശ്യങ്ങൾ കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതൽ പേർ കൃത്യത്തിൽ പങ്കാളികളായിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രതികൾ സഞ്ചരിച്ച വാഹനവും ആക്രമണത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്. തെളിവെടുപ്പിന് രണ്ടുദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും ആവശ്യപ്പെട്ടു. ഈ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികളെ വ്യാഴാഴ്ച ഹാജരാക്കുമ്പോൾ കസ്റ്റഡി അപേക്ഷ പരിഗണിക്കും.