മലയാള ഭാഷ ബില്ലിനുവേണ്ടി ഗവർണറോട് ബി.ജെ.പി

Wednesday 04 March 2026 1:19 AM IST

തിരുവനന്തപുരം : കേരളത്തിന്റെ സാംസ്‌കാരിക വ്യക്തിത്വത്തെയും ജനങ്ങളുടെ ആത്മാഭിമാനത്തെയും വാനോളം ഉയർത്തുന്ന മലയാള ഭാഷാബിൽ ഒപ്പിടണമെന്ന് ഗവർണർക്ക് മുന്നിൽ അഭ്യർത്ഥനയുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ വർഷം ഒക്ടോബറിൽ നിയമസഭ പാസാക്കിയ മലയാള ഭാഷാബിൽ ലോക് ഭവന്റെ പരിഗണനയിലാണുള്ളത്. ബില്ലിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. എന്നാൽ കേരളത്തിന്റെ പേര് 'കേരളം' എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് നന്ദി പറയാൻ പ്രധാനമന്ത്രിയെ സന്ദർശിച്ച സാംസ്‌കാരിക നായകരും മലയാള ഭാഷാബിൽ അംഗീകരിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. ആദ്യഭാഷ മലയാളമാക്കുന്നതിലൂടെ മറ്റു ഭാഷകളെ ഇകഴ്ത്തിക്കെട്ടാനോ മാറ്റിനിറുത്താനോ പാടില്ല, ഭാഷ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾക്കുകൂടി ഉടൻ പരിഹാരം കാണാനുള്ള സംവിധാനങ്ങൾ ഒരുക്കിയ ശേഷം വേണം നിയമം നടപ്പിലാക്കാനെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.