'ബംഗാളാകാൻ അധികസമയം വേണ്ട'' ശ്യാമളയെ നിറുത്തുന്നതിൽ പാർട്ടിയിൽ മുറുമുറുപ്പ്

Wednesday 04 March 2026 1:22 AM IST

കണ്ണൂർ: തളിപ്പറമ്പിൽ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ എതിർപ്പുമായി ഒരു വിഭാഗം സി.പി.എം പ്രവർത്തകർ രംഗത്തെത്തി. വ്യക്തിക്ക് ജനങ്ങളുടെ ഇടയിലുള്ള സ്വീകാര്യതയാണ് പ്രധാനമെന്നും നേതൃത്വം മാറ്റിചിന്തിക്കണമെന്നും ആവശ്യപ്പെടുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളിലാണ് പ്രവർത്തകർ പി.കെ. ശ്യാമളയ്‌ക്കെതിരെ രംഗത്തുവന്നത്. ബംഗാളും ത്രിപുരയുമാകാൻ അധികസമയം വേണ്ടെന്നും ഇവർ പറയുന്നു. പാർട്ടി സൈബർ പോരാളികളായ അർജുൻ ആയങ്കി അടക്കമുള്ളവരാണ് വിമർശനമുന്നയിക്കുന്നത്. ജനങ്ങൾ പാർട്ടിയെ തിരുത്തും. കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാൻ അധികസമയം വേണ്ടിവരില്ലെന്നും തളിപ്പറമ്പ് മണ്ഡലത്തിലെ ഇപ്പോഴത്തെ സ്ഥാനാർത്ഥിത്വം പുനർചിന്തനം അർഹിക്കുന്നുവെന്നും പ്രവർത്തകർ പറയുന്നു. ജനകീയനായ ഒരാളെ നിശ്ചയിക്കണം. ജനങ്ങളുടെ മനസ്സറിയാൻ പറ്റാത്ത നേതൃത്വമാണുള്ളത്. പാർട്ടിയെ സ്‌നേഹിക്കുന്നവരെ പൊട്ടന്മാരാക്കരുതെന്നും കുറിപ്പുകളിലുണ്ട്.