പാമ്പിന്റെ മുട്ട തൊട്ടാൽ എന്ത് സംഭവിക്കും? അറിയാതെ പോലും അബദ്ധം ചെയ്യരുത്
ഗ്രാമങ്ങളിലും നഗരങ്ങളിലും സാധാരണയായി കാണുന്ന ഒന്നാണ് പാമ്പ്. മൂർഖൻ, അണലി, ചേര, രാജവെമ്പാല തുടങ്ങിയ നിരവധി ഇനത്തിൽപ്പെട്ട പാമ്പുകൾ കേരളത്തിലുണ്ട്. വിഷപ്പാമ്പുകൾ കടിച്ചാൽ ജീവൻവരെ അപകടത്തിലാകും. അതിനാൽ പാമ്പിനെ കാണുമ്പോൾ ഓടിരക്ഷപ്പെടാനാണ് പലരും ശ്രമിക്കുന്നത്. പലപ്പോഴും പാമ്പിന്റെ മുട്ടകൾ വീടിന്റെ പരിസരത്തും കൃഷിയിടങ്ങളിലും കാണാറുണ്ട്. മൃദുവായതും തൊട്ടാൽ അമരുന്നതുമായ മങ്ങിയ നിറമുള്ള മുട്ടകളാണ് പാമ്പിന്റേത്. പലരും ഈ മുട്ടകൾ പക്ഷികളുടേതാണെന്ന് തെറ്റിദ്ധരിക്കുന്നു. പലരും ഈ മുട്ടകൾ എടുക്കാറുണ്ട്.
പാമ്പുകളുടെ മുട്ടയ്ക്ക് വിഷമുണ്ടോ, അത് തൊട്ടാൽ എന്തെങ്കിലും പ്രശ്നമുണ്ടോ? എന്നൊക്കെ ചിന്തിക്കാത്തവർ കുറവാണ്. എന്നാൽ പാമ്പിന്റെ മുട്ടയ്ക്ക് വിഷമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. മാരകവിഷമുള്ള പാമ്പുകളുടെ മുട്ടകളിൽപോലും വിഷം കാണില്ലെന്ന് പറയപ്പെടുന്നു. അതിനാൽ അവ തൊട്ടാൽ മറ്റ് പ്രശ്നങ്ങളില്ല. എന്നാൽ അപകടസാദ്ധ്യത തീർത്തും ഇല്ലെന്ന് പറയാൻ കഴിയില്ല. കാരണം നിങ്ങൾ പാമ്പിന്റെ മുട്ട തൊടുമ്പോൾ അതിന് സമീപം അമ്മപാമ്പ് ഉണ്ടെങ്കിൽ അത് ഉപദ്രവിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ പാമ്പിന്റെ മുട്ട എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. വന്യജീവി സംരക്ഷണ നിയമപ്രകാരം പാമ്പിന്റെ മുട്ട നശിപ്പിക്കുന്നത് നിയമവിരുദ്ധാണ്. വീടിന്റെ പരിസരത്ത് ഇത്തരം മുട്ടകൾ കണ്ടാൽ അത് വനംവകുപ്പിനെ അറിയിക്കുന്നതാണ് ഉചിതം. അല്ലാതെ സ്വയം കെെകാര്യം ചെയ്യുന്നത് അപകടമാണെന്ന് വിദഗ്ധർ പറയുന്നു.