പ്രവാസികൾ ശ്രദ്ധിക്കൂ; അറിയിപ്പില്ലാതെ വിമാനത്താവളങ്ങളിൽ എത്തരുതെന്ന് നിർദേശം, ഗൾഫ് രാജ്യങ്ങളിൽ സംഭവിക്കുന്നത്

Wednesday 04 March 2026 12:00 PM IST

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാന വിമാനക്കമ്പനികളൊന്നും ഗൾഫ് മേഖലയിലേക്കുള്ള സാധാരണ സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാനുള്ള സമാശ്വാസ സർവീസുകളാണ് നിലവിൽ തുടരുന്നത്. ഏകദേശം 15 വിമാനങ്ങൾ ഇന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തുമെന്നാണ് വിവരം. സന്ദർശനത്തിന് എത്തിയവരും വിസ കാലാവധി അവസാനിക്കാറായി കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെയും തിരികെ എത്തിക്കാനുള്ള അടിയന്തര സർവീസുകളുമാണ് നടക്കുന്നത്. പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനായി വിവിധ രാജ്യങ്ങൾ അയക്കുന്ന വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്.

എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈദുബായ്, എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ വിമാനക്കമ്പനികൾ കൊച്ചി, ഡൽഹി, മുംബയ്, ബംഗളൂരു, ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് സമാശ്വാസ സർവീസുകൾ നടത്തിയിരുന്നു. ഇത് തുടരും. അധികൃതരുടെ ഏകോപനത്തോടെ സുരക്ഷാ അനുമതികൾക്ക് വിധേയമായി നടത്തുന്ന ഈ സർവീസുകളിൽ അർഹരായ യാത്രക്കാരെ നേരിട്ട് വിവരം അറിയിക്കും. എന്നാൽ, നേരിട്ട് അറിയിപ്പ് ലഭിക്കാത്തവർ എയർപോർട്ടിൽ എത്താൻ പാടില്ല. സാധാരണ സർവീസുകൾ പൂർണമായി തുടങ്ങാൻ വ്യോമമേഖല ശാന്തമാകുന്നതുവരെ കാത്തിരിക്കേണ്ടിവരും.

മാർച്ച് പത്തുവരെ യാത്ര ചെയ്യേണ്ട എല്ലാവർക്കും അധിക നിരക്ക് ഈടാക്കാതെ യാത്രാതീയതി മാറ്റാനും ആവശ്യമെങ്കിൽ പണം തിരികെ നൽകാനും നടപടി ഉണ്ടാകുമെന്ന് ഇത്തിഹാദും ഖത്തർ എയർവേയ്‌സും അറിയിച്ചു. ഇന്നലെ ഗൾഫ് രാജ്യങ്ങളുമായി ഏകോപിപ്പിച്ച് യുഎഇ ആകാശപാതകൾ തുറന്നിരുന്നു. മണിക്കൂറിൽ 48 വിമാനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ പാതകൾക്കുണ്ടെന്ന് യുഎഇ ടൂറിസം മന്ത്രി പറഞ്ഞു. ഘട്ടംഘട്ടമായി സർവീസുകൾ വർദ്ധിപ്പിക്കുമെന്നാണ് വിവരം.