'എന്തുകൊണ്ട് മലയാളികൾ മാത്രമിങ്ങനെ, അങ്ങനെയൊന്നും  ഗൾഫിലില്ല'; യുദ്ധ പശ്ചാത്തലത്തിൽ എം എ യൂസഫലി

Wednesday 04 March 2026 12:42 PM IST

അബുദാബി: ഇസ്രയേൽ - ഇറാൻ യുദ്ധത്തിൽ പ്രവാസികളുമായി ബന്ധപ്പെട്ട് അഭ്യർത്ഥനയുമായി ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ ഡയറക്‌ടറുമായ എം എ യൂസഫലി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളിൽ ഭീതി പരത്തരുതെന്ന് യൂസഫലി അഭ്യർത്ഥിച്ചു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രതികരണം.

'ഇല്ലാത്ത കാര്യങ്ങളുണ്ടാക്കി നാട്ടിലുള്ളവരെ ഭയപ്പെടുത്താതിരിക്കുക. അങ്ങനെയൊന്നും ഗൾഫിലില്ല. മലയാള മാദ്ധ്യമങ്ങൾ വളരെ ആക്രമണാത്മകമാണെന്ന് അഭിപ്രായങ്ങളുയർന്നു. എന്തുകൊണ്ട് അവർ മാത്രം ഇങ്ങനെ പ്രവർത്തിക്കുന്നു? ആവശ്യമില്ലാത്ത ഗോസിപ്പുകൾ, അഭ്യൂഹങ്ങൾ, എഐ സൃഷ്ടികൾ പ്രചരിപ്പിക്കുകയാണ്. ജിസിസി നമുക്ക് അന്നം തരുന്ന രാജ്യങ്ങളാണ്. ഈ രാജ്യങ്ങൾക്ക് ഒന്നും സംഭവിക്കരുതെന്ന് പ്രാ‌ർത്ഥിക്കണം'- യൂസഫലി ആവശ്യപ്പെട്ടു.

അതേസമയം, സമാധാനം പുലരണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെടുമ്പോഴും പശ്ചിമേഷ്യയിൽ സംഘർഷം വരിഞ്ഞുമുറുകുകയാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ ആക്രമണം കടുപ്പിച്ചതും ഇറാനെ ഉന്മൂലനം ചെയ്യുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പും ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

ആക്രമണം ആഴ്ചകളോളം നീളുമെന്നാണ് ഇസ്രയേലും വ്യക്തമാക്കിയത്. ഗൾഫ് മേഖലയിൽ ഇറാന്റെ ആക്രമണം അതിതീവ്രമായി തുടരുകയാണ്. ഹോർമുസ് കടലിടുക്ക് മറികടക്കുന്ന കപ്പലുകൾ തകർക്കുമെന്ന് ഇറാൻ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ സൗദി അറേബ്യയിലെ റിയാദിലുള്ള യു.എസ് എംബസിയ്‌ക്ക് തീപിടിച്ചു. തുടർന്ന് ഇവിടവും കുവൈത്തിലെ എംബസിയും യു.എസ് അടച്ചു. റിയാദ്, ജിദ്ദ, ദഹ്രാൻ എന്നിവിടങ്ങളിലെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.