'മമ്മൂക്ക നേരത്തേ പോയി, മോഹൻലാലിന്റെ മനസ് മടുപ്പിച്ചാണ് വിട്ടത്'; വിവാദങ്ങൾ തലയിൽ വച്ചുകൊടുത്തെന്ന് ഗണേശ് കുമാർ
കൊച്ചി: താരസംഘടനയായ അമ്മയിൽ നിന്ന് അകന്നതിന്റെ കാരണം വെളിപ്പെടുത്തി ഗതാഗത മന്ത്രിയും നടനുമായ കെ ബി ഗണേശ് കുമാർ. അമ്മയിലെ രീതിയൊന്നും തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതിനാലാണ് നാലുകൊല്ലം മുൻപ് പോയതെന്നും ഗണേശ് കുമാർ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'അമ്മ തുടങ്ങുമ്പോൾ അമ്മയിലെ അംഗങ്ങൾക്കൊപ്പം സമൂഹത്തിന്റെ ചാരിറ്റികൂടി വേണം എന്ന് ചിന്തിച്ചിട്ടാണ് തുടങ്ങിയത്. അത് ചെയ്യാൻ തയ്യാറാകുന്നില്ല എന്നത് അമ്മയ്ക്ക് ദോഷം ചെയ്യുന്നുണ്ട്. കുറച്ച് പണം സമൂഹത്തിലെ സാധുക്കൾക്ക് നൽകണമായിരുന്നു. അമ്മയ്ക്ക് നികുതിയിളവ് ഉണ്ടായിരുന്നു. അത് നഷ്ടപ്പെട്ടത് പബ്ളിക് ചാരിറ്റികൂടി ചെയ്യാതിരുന്നതുകൊണ്ടാണ്. ട്രൈബൽ വിഭാഗത്തിൽപ്പെട്ടവരെയും പാവങ്ങളെയും സഹായിക്കുന്ന ഒരു സംവിധാനം വേണമായിരുന്നു. ആദ്യകാലത്തുണ്ടായിരുന്നു. പിന്നീട് അതിൽനിന്നൊക്കെ വ്യതിചലിച്ചു.
കമ്മിറ്റിയിലെടുക്കുന്ന തീരുമാനങ്ങളൊന്നും നടപ്പിലാകുന്നില്ല. ചിലയാളുകളുടെ സ്വത്തായി മാറി. ചിലയാളുടെ ദാരിദ്ര്യം മാറാനുള്ള കമ്പനിയായി മാറി. ചിലയാളുകൾക്ക് ജീവിക്കാനുള്ള കമ്പനിയായി മാറി. അതുകൊണ്ടാണ് മൊത്തത്തിൽ മാറ്റം വരട്ടെയെന്ന് തീരുമാനിച്ചത്. സ്‌ത്രീകൾ വരട്ടെയെന്ന് പറഞ്ഞത് ഞാനാണ്. സ്‌ത്രീകൾ വന്നു. അവർ കണക്കുകളെടുത്ത് പരിശോധിക്കണമെന്നാണ് എന്റെ അഭിപ്രായം.
മോഹൻലാലിനെപ്പോലെയോ മമ്മൂട്ടിയെപ്പോലെയോയുള്ള വലിയ ആളുകൾക്ക് അതിന് സമയമില്ല. നേതൃത്വം കൊടുക്കാമെന്നല്ലാതെ കണക്കുകൾ നോക്കാൻ സമയമില്ല. അവരിലൊരാൾ നേതൃത്വം കൊടുത്താൽ മാത്രമേ ഇതിന് നിലനിൽപ്പുള്ളൂ. ഇല്ലെങ്കിൽ കുഴപ്പത്തിലേയ്ക്ക് പോകും. പക്ഷേ അവരുടെ മനസ് മടുപ്പിച്ചു. മമ്മൂക്ക നേരത്തേ പോയി. മോഹൻലാലിന്റെ മനസ് മടുപ്പിച്ചാണ് വിട്ടത്. അനാവശ്യ വിവാദങ്ങൾ അദ്ദേഹത്തിന്റെ തലയിൽവച്ചു. അങ്ങനെയൊരാളല്ല അദ്ദേഹം. രാഷ്ട്രീയക്കാരനെപ്പോലെയല്ല, കലാകാരനാണ് അദ്ദേഹം'- ഗണേശ് കുമാർ പറഞ്ഞു.