ഇറാന്‍ - ഗള്‍ഫ് സംഘര്‍ഷം: 'മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു'
തിരുവനന്തപുരം: പ്രീണന രാഷ്ട്രീയത്തിന്റെ പേരില്‍ ജിസിസി രാജ്യങ്ങളിലെ മലയാളികളെ മുഖ്യമന്ത്രിയും പ്രതിപക്ഷവും കൈയൊഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിക്കുന്നത്. ഇതു അവഗണിച്ചുകൊണ്ടാണ് ഇറാന്‍ അനൂകൂല പ്രതികരണങ്ങള്‍ കേരളത്തില്‍ നടക്കുന്നത്. വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ മതതീവ്രവാദത്തിന് വളമിടുന്ന നടപടിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഏതു രാജ്യത്താണെങ്കിലും ഇന്ത്യക്കാരെ സംരക്ഷിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും നിലപാട്. അതില്‍ രാഷ്ട്രീയമില്ല. സിപിഎമ്മും കോണ്‍ഗ്രസും ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കുവാന്‍ ഇതുവരെ തയാറായിട്ടില്ല. പ്രവാസികളായ മലയാളികള്‍ക്കൊപ്പമാണ് കേരളത്തിലെ ബിജെപിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഗാസയെപ്പറ്റിയും ഇറാനെപറ്റിയും വേവലാതിപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വദ്രയും സിറിയയിലും നൈജീരിയയിലും കൊല്ലപ്പെടുന്ന ക്രൈസ്തവരെക്കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ല. ഇസ്ലാമിക തീവ്രവാദത്തിനെതിരെ പ്രതികരിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ഭയമാണെന്നും അദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ജോലി ചെയ്യുന്നത് ജിസിസി രാജ്യങ്ങളിലാണ്. ഇറാന്‍ യാതൊരുപ്രകോപനവും കൂടാതെയാണ് ജിസിസി രാജ്യങ്ങളില്‍ ആക്രമണം നടത്തിയത്. എന്നിട്ടും അതിനെതിരെ പ്രതികരിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ തയാറാകാതിനുന്നത് അപലപനീയമാണ്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.