ബൈ ബൈ പ്രോട്ടീസ്; ഫിന്‍ അലന് വേഗമേറിയ സെഞ്ച്വറി, ലോകകപ്പ് ഫൈനലിലേക്ക് ചിറകടിച്ച് ന്യൂസിലാന്‍ഡ്

Wednesday 04 March 2026 10:05 PM IST

കൊല്‍ക്കത്ത: ഒടുവില്‍ ഈ ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക ആദ്യ തോല്‍വി വഴങ്ങി. കപ്പുയര്‍ത്താന്‍ ഏറ്റവും കൂടുതല്‍ സാദ്ധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്കാണ് ന്യൂസിലാന്‍ഡ് തകര്‍ത്തെറിഞ്ഞത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കിവീസ് മറികടക്കുകയായിരുന്നു.കലാശപ്പോരില്‍ നാളെ നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളെ ന്യൂസിലാന്‍ഡ് നേരിടും. മാര്‍ച്ച് എട്ടിന് അഹമ്മദാബാദിലാണ് ഫൈനല്‍.

വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിനായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഓപ്പണര്‍മാരായ ടിം സീഫര്‍ട്ട് 58(33) - ഫിന്‍ അലന്‍ 100*(33) സഖ്യം നടത്തിയത്. ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി സ്വന്തം പേരിലാക്കിയ അലന്‍ എട്ട് സിക്‌സറുകളും പത്ത് ബൗണ്ടറികളുമാണ് ഈഡനിലെ മൈതാനത്തില്‍ അടിച്ച് കൂട്ടിയത്. രചിന്‍ രവീന്ദ്ര 13*(11) പുറത്താകാതെ നിന്നു. കാഗിസോ റബാഡയാണ് ദക്ഷിണാഫ്രിക്കയ്ക്കായി ഒരേയൊരു വിക്കറ്റ് വീഴ്ത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. 77ന് അഞ്ച് എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടതിന് ശേഷമാണ് മാര്‍ക്കോ യാന്‍സന്‍ - ട്രിസ്റ്റന്‍ സ്റ്റബ്സ് സഖ്യത്തിന്റെ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ മെച്ചപ്പെട്ട നിലയിലെത്തിച്ചത്. അര്‍ദ്ധ സെഞ്ച്വറി നേടിയ യാന്‍സന്‍ പുറത്താകാതെ നിന്നു.

ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് 10(8), റയാന്‍ റിക്കിള്‍ടണ്‍ 0(1) എന്നിവര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ തുടക്കം മോശമായി. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം18(20), ഡിവാള്‍ഡ് ബ്രെവിസ് 34(27), ഡേവിഡ് മില്ലര്‍ 6(6) എന്നിവര്‍ പുറത്തായപ്പോള്‍ 10.2 ഓവറില്‍ 77ന് അഞ്ച് എന്ന നിലയില്‍ പരുങ്ങലിലായിരുന്നു ദക്ഷിണാഫ്രിക്ക. ആറാം വിക്കറ്റില്‍ മാര്‍ക്കോ യാന്‍സന്‍ 55*(30) ട്രിസ്റ്റന്‍ സ്റ്റബ്സ് 29(24) സഖ്യം 47 പന്തുകളില്‍ നിന്ന് 73 റണ്‍സാണ് നേടിയത്.

കോര്‍ബിന്‍ ബോഷ് 2(3), കാഗിസോ റബാഡ 0(1), കേശവ് മഹാരാജ് 1*(1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. അഞ്ച് സിക്സറുകളും രണ്ട് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു യാന്‍സന്റെ ഇന്നിംഗ്സ്. ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്റി, കോള്‍ മക്കോന്‍കി, രചിന്‍ രവീന്ദ്ര എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ലോക്കി ഫെര്‍ഗൂസനും ജെയിംസ് നീഷവും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.