സ്കൂളുകൾക്ക് മാർച്ച് ഒമ്പത് മുതൽ അവധി, ഇനി തുറക്കുക മാർച്ച് 23ന്, രണ്ടാഴ്ചത്തെ അവധി പ്രഖ്യാപിച്ച് യുഎഇ
ദുബായ് : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പൊതു, സ്വകാര്യ സ്കൂളുകളിലും സർവകലാശാലകളിലും വസന്തകാല അവധി ഒരാഴ്ച മുമ്പ് ആരംഭിക്കുമെന്ന് യു,എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് മാർച്ച് 9 തിങ്കളാഴ്ച മുതൽ സ്കൂൾ അവധി ആരംഭിക്കും. മാർച്ച് 22 വരെയായിരിക്കും അവധി. മാർച്ച് 23 തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കും. പൊതു, സ്വകാര്യ സ്കൂളുകളിലെയും സർവകലാശാലകളിലെയും എല്ലാ വിദ്യാർത്ഥികൾക്കും അക്കാഡമിക്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും അവധി ബാധകമായിരിക്കും. പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ മാസം ഒമ്പത് വരെ ഓൺലൈൻ ക്ലാസുകളായിരിക്കും ഉണ്ടായിരിക്കുക. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദിവസങ്ങൾക്ക് മുമ്പാണ് ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയത്. ഈ മാസം ഒൻപതിനും 22നുമിടയിൽ വരുന്ന സി.ബി.എസ്.ഇ പരീക്ഷകളിലും മാറ്റമുണ്ടാകും. പുതിയ തീയതികളിൽ സി.ബി.എസ്.ഇ തീരുമാനമെടുക്കും.
ചെറിയ പെരുന്നാളിന് സൗദിയിൽ മാർച്ച് 18 ബുധനാഴ്ച മുതലാണ് അവധി ആരംഭിക്കുന്നത്. എല്ലാ ജീവനക്കാർക്കും നാല് ദിവസത്തെ അവധി ലഭിക്കും. മാർച്ച് 22 ഞായർ മുതൽ സാധാരണ നിലയിൽ പ്രവൃത്തിദിവസം പുനരാരംഭിക്കും. റംസാൻ മാസപ്പിറവി കാണുന്നതിന് അനുസരിച്ച് പെരുനാൾ തീയതിയിൽ മാറ്റം വരാം.