കൗമുദി ടി.വിയിലെ 'വസുധ'യ്ക്ക് സംസ്ഥാന പുരസ്കാരം

Thursday 05 March 2026 12:25 PM IST

തിരുവനന്തപുരം: 2024ലെ മികച്ച രണ്ടാമത്തെ ടെലി സീരിയലിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം കൗമുദി ടി.വിയിൽ സംപ്രേക്ഷണം ചെയ്ത 'വസുധ'യ്ക്ക് ലഭിച്ചു.സംവിധായകൻ സൂരജ് എസ്.ആറിനും നിർമ്മാതാവ് കിഷോർ കരമനയ്ക്കും 15,000 രൂപ വീതവും പ്രശസ്തിപത്രവും ഫലകവും പുരസ്കാരമായി ലഭിക്കും. മന്ത്രി സജി ചെറിയാനാണ് വാർത്താസമ്മേളനത്തിൽ അവാർഡുകൾ പ്രഖ്യാപിച്ചത്.

രണ്ടാം ജന്മംപോലെ തിരിച്ചു കിട്ടിയ ജീവിതത്തെ നട്ടുപിടിപ്പിക്കാൻ ക്ലേശിക്കുന്ന വിധിവഴിയിലെ പ്രതിബന്ധങ്ങളിൽ ഉലഞ്ഞുപോയ ഒരു സ്ത്രീയുടെ ജീവിതത്തെ ഇതഃപര്യന്തം ആകാംക്ഷയുണർത്തുന്ന വിധത്തിൽ അവതരിപ്പിച്ച പരമ്പരയാണ് 'വസുധ'യെന്ന് ജൂറി വിലയിരുത്തി.

സംവിധായകനും ഛായാഗ്രഹകനുമായ പി.സുകുമാർ,അഭിനേത്രി വിന്ദുജ മേനോൻ,തിരക്കഥാകൃത്ത് അനിൽ മുഖത്തല,നോവലിസ്റ്റ് മനോജ് ഭാരതി,ഛായാഗ്രാഹകൻ ശാലു കെ.തോമസ് എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാഡ‌മി സെക്രട്ടറി സി.അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്.

പ്രോഗ്രം പ്രെഡ്യൂസർ എന്ന നിലയിൽ നേരത്തെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള കിഷോർ,കരമന നെടുങ്കാട് ടി.സി 21/1544ൽ വേലായുധന്റേയും ലളിതയുടേയും മകനാണ്. ഭാര്യ- സുജ.എൽ, ഇസ കിഷോർ.എസ് ആണ് മകൾ.വെളിയംകോട് കുരുവിൻമുകൾ ശ്രീദേവി സദനത്തിൽ സുന്ദരേശൻ- രാധ ദമ്പതികളുടെ മകനാണ് എസ്.ആർ.സൂരജ്. ഭാര്യ- രേഷ്മ രമേഷ്.