സ്റ്റോക്കുള്ള മണ്ണെണ്ണയ്ക്കും വില കൂട്ടി വാങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയുടെ വില ലീറ്ററിന് 4 രൂപ കൂടി 71 രൂപയായി. പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ എണ്ണക്കമ്പനികൾ അടിസ്ഥാനവില 52.16 രൂപയിൽ നിന്ന് 56 രൂപയായി വർദ്ധിപ്പിച്ചതിനെ തുടർന്നാണ് നികുതികളും കമ്മിഷനും ഉൾപ്പെടെ 71 രൂപയാക്കി ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയത്. പുതിയ സ്റ്റോക്കെടുക്കുമ്പോഴാണ് സാധാരണ കൂടിയ വില നൽകേണ്ടത്. എന്നാൽ നിലവിലെ സ്റ്റോക്കനു കൂടി വില വർദ്ധിപ്പിച്ചിരിക്കുകയാണ്. നീക്കിയിരുപ്പുള്ള സ്റ്റോക്ക് പഴയ വിലയ്ക്കു വിൽക്കാൻ സർക്കാരിന് തടസ്സമൊന്നുമില്ല. പക്ഷെ, വർദ്ധിപ്പിച്ച വില
ഇന്നലെ മുതൽ ഈടാക്കി തുടങ്ങി.
മണ്ണെണ്ണ റേഷൻ കടകളിലും മൊത്തവ്യാപാരികളുടെ പക്കലും നിലവിൽ 25,71,345 ലിറ്റർ സ്റ്റോക്കുണ്ട്.
പുതുക്കിയ വിലയ്ക്ക് ഇത്രയും വിറ്റഴിച്ചാൽ സംസ്ഥാന സർക്കാരിന് 1.02 കോടി രൂപ അധികമായി ലഭിക്കും. ഈ മാസം എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഒരു ലിറ്റർ മണ്ണെണ്ണ സ്റ്റോക്ക് ലഭ്യതയ്ക്ക് അനുസരിച്ച് നൽകാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു.
സ്റ്റോക്കുള്ളതിന് വില
കൂട്ടില്ലെന്ന് മന്ത്രി
സ്റ്റോക്കുള്ള മണ്ണെണ്ണയുടെ വില വർദ്ധിപ്പിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞു. പുതിയ സ്റ്റോക്കെടുക്കുമ്പോൾ മാത്രമാണ് കൂടിയ വില നൽകേണ്ടതെന്ന് വ്യക്തമാക്കി.